തൃശൂർ: സ്ത്രീയായി വേഷമിടേണ്ടി വന്ന ഒരു മഹാനടന്റെ ജീവിതത്തിലെയും നാടകത്തിലെയും സംഘർഷഭരിതമായ അനുഭവം പെൺനടനിലൂടെ അരങ്ങിലാടി തീർത്ത് സന്തോഷ് കീഴാറ്റൂർ. നൂറിലേറെ വേദികൾ പിന്നിട്ട് തൃശൂരിലെത്തിയ ‘പെൺനടന്’ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സ്ത്രീ സൗന്ദര്യത്തെ അതിന്റെ വശ്യത ഒട്ടും ചോർന്നുപോകാതെ സന്തോഷ് അരങ്ങിൽ പൊലിപ്പിച്ചു.
ഓച്ചിറ വേലുക്കുട്ടി പെൺനടനായി പകർന്നാടിയപ്പോൾ അനുഭവിച്ച എല്ലാ വ്യഥകളും പാപ്പൂട്ടിയിൽ കൂടി സന്തോഷ് സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
പ്രണയം, രതി, സന്തോഷം, നിരാശ, കോപം ജീവിതത്തിൽ മാറി മറിയുന്ന എല്ലാ വികാരങ്ങളെയും സന്തോഷ് അനുഭവവേദ്യമാക്കി. റീജനൽ തിയേറ്ററിലെ നിറഞ്ഞ സദസ്സിന് മുന്നിലാണ് സ്ത്രീകൾ അരങ്ങിൽ കയറാൻ മടിച്ച കാലത്ത് പെൺവേഷം കെട്ടിയാടിയ മഹാനടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം സന്തോഷ് കീഴാറ്റൂർ ഏകപാത്രമായി അഭിനയിച്ചു തീർത്തത്.
ഒന്നര മണിക്കൂർ നേരം സദസ്സും നാടകത്തോടൊപ്പം സഞ്ചരിച്ചു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കരിവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സംവിധായകരായ കമൽ, സത്യൻ അന്തിക്കാട്, പ്രിയാനന്ദനൻ, സി.എൽ. ജോസ്, ഷിബു എസ്. കൊട്ടാരം, ജയരാജ് വാര്യർ, ശശി ഇടശേരി, പാർത്ഥസാരഥി, ഐ.ഡി. രഞ്ജിത്ത് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. നാടകത്തിന്റെ രചന നിർവഹിച്ചത് സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേർന്നാണ്. ഡോ. എൻ.കെ. മധുസൂദനൻ, ഡോ. പ്രശാന്ത് കൃഷ്ണൻ എന്നിവരാണ് സംഗീതം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.