തൃശൂർ: വായ്പ തിരിച്ചുപിടിക്കാൻ സർഫാസി നിയമപ്രകാരം ബാങ്കുകൾ കൈക്കൊള്ളുന്ന ജപ്തി നടപടികളിൽ ഇരകളെ കൈവിട്ട് സുപ്രീം കോടതി. ബാങ്കുകളോ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളോ സർഫാസി നിയമപ്രകാരം കൈക്കൊള്ളുന്ന ജപ്തി നടപടികളിൽ ഇടപെടാനാവില്ലെന്നും അത്തരം ഇടപെടൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച റിട്ട് ഹരജി തള്ളിയാണ് സുപ്രീം കോടതി ഇരകളെ സാരമായി ബാധിക്കുന്ന നിരീക്ഷണം നടത്തിയത്.
സർഫാസി നിയമപ്രകാരമുള്ള നടപടി തടഞ്ഞുകൊണ്ടുള്ള കർണാടക ഹൈകോടതിയുടെ ഉത്തരവിനെതിരെ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനി സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കർണാടക ഹൈകോടതിയുടെ ഇടക്കാല സ്റ്റേ റദ്ദാക്കിയ സുപ്രീം കോടതി, സർഫാസി നിയമപ്രകാരം കൈക്കൊള്ളുന്ന നടപടികളിൽ പരാതിയുണ്ടെങ്കിൽ അതേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരംതന്നെ പരിഹാരം തേടണമെന്ന് ആവശ്യപ്പെട്ടു.
വായ്പ നൽകുക എന്നത് ബാങ്കുകൾ സർക്കാറുകളെപ്പോലെ ചെയ്യേണ്ട പൊതുപ്രവർത്തനമല്ലെന്നും കോടതി വിലയിരുത്തി. സർഫാസി നിയമപ്രകാരം ബാങ്കുകൾ കൈക്കൊള്ളുന്ന ജപ്തി നടപടികൾ ഒട്ടേറെ ഇടപാടുകാരെ ബാധിക്കുകയും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലടക്കം ഇതുമായി ബന്ധപ്പെട്ട പല വിവാദ നടപടികളും ഉണ്ടായിട്ടുണ്ട്. ഇതിന് ഇരയാകുന്നവർക്ക് കോടതികളെ സമീപിക്കാനുള്ള സാധ്യതയാണ് സുപ്രീം കോടതി നടപടിയിലൂടെ ഇല്ലാതായത്.
വായ്പ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ജപ്തി നടത്താൻ അധികാരം നൽകുന്ന നിയമമാണ് സർഫാസി നിയമം (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്). 2002ലാണ് പാർലമെന്റ് നിയമം പാസാക്കിയത്. 2016ൽ ഭേദഗതി ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയാൽ പ്രസ്തുത അക്കൗണ്ട് എൻ.പി.എ (നോൺ പെർഫോമിങ് അസെറ്റ്) ആയി ബാങ്കിന് പ്രഖ്യാപിക്കാം.
തുടർച്ചയായി മൂന്ന് ഗഡു വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഈട് നൽകിയ വസ്തു പിടിച്ചെടുക്കാനും വിൽക്കാനും ബാങ്കിന് അധികാരമുണ്ട്. ഇതിന് കോടതി ഉത്തരവ് വേണ്ട. വായ്പ എടുത്തയാൾ 60 ദിവസത്തിനകം പൂർണമായും തുക തിരിച്ചടക്കണമെന്ന് നോട്ടീസ് അയക്കാം. നിശ്ചിത സമയത്ത് കുടിശ്ശിക അടച്ചില്ലെങ്കിൽ ജപ്തി ചെയ്യാം. വായ്പ എടുത്തയാളിൽനിന്ന് ജപ്തി വഴി തുക ഈടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജാമ്യക്കാരുടെ സ്ഥാവര-ജംഗമങ്ങൾ ജപ്തി ചെയ്യാം. 'കരിനിയമ'മായാണ് സർഫാസി വലിയൊരു വിഭാഗം വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.