തൃശൂർ: ഭിന്നശേഷിക്കാർക്ക് വികസന ഫണ്ടിൽനിന്ന് നൽകുന്ന സ്കോളർഷിപ്പും ബത്തയും നൽകണമോ വേണ്ടയോ എന്ന് ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. 14ാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയാറാക്കാനുള്ള മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പഞ്ചവത്സര പദ്ധതി വരെ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലയായിരുന്നു ഇത്. ചൊവ്വാഴ്ച ഇറങ്ങിയ വാർഷിക പദ്ധതി മാർഗരേഖയിലെ ഈ നിർദേശത്തിനെതിരെ വകുപ്പിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സബ്സിഡി മാർഗരേഖ അനുസരിച്ച് ഭിന്നശേഷി സ്കോളർഷിപ് ഏറ്റെടുക്കാമെന്നും ഇതിനാവശ്യമായ തുക ഗ്രാമ-ബ്ലോക്ക്- ജില്ല പഞ്ചായത്തുകൾ വഹിക്കണമെന്നും മാർഗരേഖ പറയുന്നു. ഈ തുക 60:30:10 എന്ന അനുപാതത്തിൽ യഥാക്രമം വകയിരുത്താം. നേരത്തേ 50:25:25 അനുപാതത്തിലായിരുന്നു തദ്ദേശസ്ഥാപനങ്ങൾ നൽകിയിരുന്നത്. ഈ തുക കണ്ടെത്താൻ കഴിയാത്ത തദ്ദേശ സ്ഥാപനങ്ങൾ മറ്റ് തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിക്കാം.
ഭിന്നശേഷിക്കാർക്കായുള്ള സ്കോളർഷിപ്പും ബത്തയും നൽകാനാവശ്യമായ വിഹിതം കണ്ടെത്താൻ നിർബന്ധമായും നീക്കിവെക്കേണ്ട അഞ്ച് ശതമാനം തുക ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദേശവും മാർഗരേഖയിലുണ്ട്. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ഏറ്റെടുക്കേണ്ടത് ബ്ലോക്ക് പഞ്ചായത്തുകളാണ്. ഭിന്നശേഷി സൗഹൃദമായ കെട്ടിടങ്ങളാണ് നിർമിക്കേണ്ടത്. നിലവിലുള്ള കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുകയും വേണം. ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപരിപാടികളും പുനരധിവാസ വികസന പരിപാടികളും ഏറ്റെടുക്കാം. കുട്ടികൾ, ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്കായി പ്രത്യേക പദ്ധതി തയാറാക്കി വാർഷിക പദ്ധതിയുടെ ഭാഗമാക്കണമെന്നും നിർദേശിക്കുന്നു.
15ാം ധനകമീഷൻ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് 1198.54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പദ്ധതിയാണ് തയാറാക്കേണ്ടത്. ഏപ്രിൽ 27ന് മുമ്പ് 12 അംഗങ്ങളുള്ള ആസൂത്രണ സമിതിയും വർക്കിങ് ഗ്രൂപ്പുകളും പുനഃസംഘടിപ്പിക്കണം. കരട് പ്രോജക്ട് നിർദേശങ്ങൾ മേയ് ഏഴിന് മുമ്പ് തയാറാക്കാനും ഗ്രാമസഭ യോഗങ്ങൾ മേയ് 16നും 27നും ഇടയിൽ ചേരണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.