പീച്ചി: അപൂർവ രോഗം ബാധിച്ച് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട പട്ടിക്കാട് വെളുത്തേടത്ത് ഹരികൃഷ്ണനായി (30) പീച്ചി-തൃശൂർ റൂട്ടിലെ ബസുകൾ ശനിയാഴ്ച സർവിസ് നടത്തും. അന്നത്തെ കലക്ഷൻ മുഴുവൻ ഹരികൃഷ്ണന്റെ ചികിത്സക്കായി നൽകും. പാണഞ്ചേരിയിലെ ചില ബസ് ഉടമകളാണ് ഹരികൃഷ്ണനായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച തൃശൂർ പീച്ചി ഡാം, വെള്ളക്കാരിത്തടം, മാരായ്ക്കൽ, പയ്യനം, തെക്കുംപാടം, പൂവ്വൻചിറ റൂട്ടുകളിൽ സർവിസ് നടത്തുന്ന ബസ് ഉടമകളാണ് അന്നത്തെ കലക്ഷൻ ഹരികൃഷ്ണൻ ചികിത്സാസഹായ നിധിയിലേക്ക് സംഭാവന ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടുള്ളത്. അന്ന് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി ബസിൽ യാത്ര ചെയ്ത് ഹരികൃഷ്ണനെ സഹായിക്കണം എന്നാണ് ബസ് ജീവനക്കാരും ഉടമകളും അഭ്യർഥിക്കുന്നത്. മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു ഹരികൃഷ്ണൻ. ഇപ്പോൾ കുടുംബം പട്ടിക്കാട് വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാസങ്ങൾ നീളുന്ന തുടർചികിത്സക്ക് പണം കണ്ടെത്താനാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ രക്ഷാധികാരിയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ് എന്നിവർ ഉപ രക്ഷാധികാരികളുമായി ചികിത്സാ സഹായ ഫണ്ട് രൂപവത്കരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.