തൃശൂർ: കെ.എസ്.ഇ.ബിയിൽ ഐ.എൻ.ടി.യു.സിയുമായി യോജിച്ച പ്രക്ഷോഭത്തിന് സി.പി.എം, സി.പി.ഐ സംഘടനകൾ. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) കേരള ചാപ്റ്ററിന്റെ ബാനറിലാണ് ട്രേഡ് യൂനിയനുകൾ സമരത്തിന് തയാറെടുക്കുന്നത്. സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ കെ.എസ്.ഇ.ബി വഴി നടപ്പാക്കുക, ടോട്ടക്സ് മോഡൽ പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ഇതിന്റെ ഭാഗമായി സമരസന്ദേശ ജാഥകൾക്ക് തുടക്കമായി. 2025നകം സ്മാർട്ട് മീറ്ററുകളിലേക്ക് സംസ്ഥാനങ്ങൾ മാറണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. ഇത് ടോട്ടക്സ് (ടോട്ടൽ എക്സ്പെന്റിച്ചർ) രീതിയിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പദ്ധതി നടപ്പാക്കാൻ കരാറെടുക്കുന്ന കമ്പനി നിശ്ചിതകാലയളവിലേക്കുള്ള പരിപാലനമടക്കം മുഴുവൻ ചെലവും വഹിക്കുകയും ഇത് മാസവാടകയായി തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ് രീതി.
മീറ്ററും അനുബന്ധ സജ്ജീകരണങ്ങളും കണക്ടിവിറ്റിയും ബില്ല് തയാറാക്കാനുള്ള സോഫ്റ്റ് വെയറുമടക്കം കരാർ കമ്പനിയുടെ ചുമതലയിലായിരിക്കും. ഇതുവഴി വൈദ്യുതി ബോർഡ് റവന്യൂ വിഭാഗത്തിന്റെ സ്വകാര്യവത്കരണമാണ് നടപ്പാകുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ടേക്സ് രീതിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബിയും തീരുമാനിച്ചിട്ടുള്ളത്. ഒന്നാം ഘട്ടമായി 37 ലക്ഷം മീറ്ററുകൾ സ്ഥാപിക്കാനുള്ള ടെൻഡർ കഴിഞ്ഞപ്പോൾ ലഭിച്ച കുറഞ്ഞ നിരക്ക് പ്രകാരം പദ്ധതിക്ക് മൊത്തം ചെലവ് 12,800 കോടിയിലധികം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇത് പ്രകാരം ഓരോ ഉപഭോക്താവും പ്രതിമാസം 100രൂപയിലധികം ഫീസായി നൽകേണ്ടിവരുമെന്നും സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ ക്രോസ് സബ്സിഡി സംവിധാനത്തെ തകർക്കുമെന്നും യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രനയം അതുപോലെ പിന്തുടരേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് തൊഴിലാളി യൂനിയനുകൾ പറയുന്നത്. പെട്ടെന്ന് സ്പാർട്ട് മീറ്ററിലേക്ക് പോകേണ്ട ആവശ്യമില്ല.
കെ.എസ്.ഇ.ബി നേരിട്ടോ പൊതുമേഖല സ്ഥാപനങ്ങളുടെ കൺസോർട്യമുണ്ടാക്കിയോ ഘട്ടം ഘട്ടമായി മീറ്റർ വ്യാപനം സാധ്യമാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘സിഡാക്’ സ്മാർട്ട് മീറ്റർ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുമുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ വികസിപ്പിച്ച് കെ ഫോൺ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി കെ.എസ്.ഇ.ബിയുടെ തന്നെ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് മീറ്ററുകളെ ബന്ധിപ്പിക്കാനാകുമെന്നും സംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.