തൃശൂർ: കോർപറേഷനിൽ 42 ദിവസം നീണ്ട കോൺഗ്രസ് കൗൺസിലർമാരുടെ സമരം അവസാനിപ്പിച്ചു. സി.ഐ ലാൽകുമാറിന്‍റെ സാന്നിധ്യത്തിൽ മേയറുടെ ചേംബറിൽ നടന്ന യോഗത്തിലെ ധാരണയനുസരിച്ചാണ് അവസാനിപ്പിച്ചത്. കോർപറേഷനിൽ ചളിവെള്ളം വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് ശാശ്വത പരിഹാരമായി പീച്ചിയിൽ നടപ്പാക്കിയ പ്ലാന്‍റിൽനിന്നുള്ള കുടിവെള്ള വിതരണത്തിന്‍റെ ട്രയൽ റൺ വ്യാഴാഴ്ച നടക്കുമെന്നും മലിനജല പ്രശ്നം ഉടൻ പരിഹരിക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു. ഇതോടെ സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.
കുടിവെള്ള പ്രശ്നത്തെച്ചൊല്ലി ചേംബറിന് പുറത്ത് തുടർന്നിരുന്ന റിലേ സത്യഗ്രഹസമരത്തെ ഭരണപക്ഷം അവഗണിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ചേംബർ കൈയേറിയുള്ള സമരത്തിലെത്തിയിരുന്നു. ഇതോടെ അറസ്റ്റും മറ്റു നടപടികളിലേക്കും കടന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനവും കറുത്ത തുണികെട്ടി മേയറുടെ ചേംബർ ഉപരോധിച്ചുള്ള സമരത്തിലേക്കും കോൺഗ്രസ് കടന്നു. പ്രതിഷേധത്തിനിടെ മേയറുടെ ഔദ്യോഗിക കാറിൽ നഗരസഭ പതാകക്കൊപ്പം കറുത്ത തുണികൂടി കോൺഗ്രസ് ചേർത്ത് കെട്ടിവെച്ചത് ഭരണപക്ഷ അംഗങ്ങളെയും ചൊടിപ്പിച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായെത്തി. കോർപറേഷനിൽനിന്ന് തെക്കേഗോപുര നട വരെയും തിരിച്ചുമുള്ള പ്രകടനവും കോർപറേഷനിൽ പ്രതിഷേധയോഗവും ചേർന്നു.
ഇടതുമുന്നണി പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. ഷാജൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാവുക സ്വാഭാവികമാണെന്നും ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം തോന്നിയവാസ നടപടികൾ കാണിക്കുന്നത് നോക്കിയിരിക്കില്ലെന്നും അതേരീതിയിൽ മറുപടിയുണ്ടാകുമെന്നും ഷാജൻ പറഞ്ഞു. മേയർ എം.കെ. വർഗീസ്, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്സൺ, പി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച ചേംബർ കൈയേറിയതിൽ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ ചൊവ്വാഴ്ചയിലെ സമരം. രാവിലെ കറുത്ത തുണി തലയിലും കൈയിലും കെട്ടിയെത്തിയ പ്രതിപക്ഷ കക്ഷിനേതാവ് രാജൻ പല്ലന്‍റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ഓഫിസിലേക്ക് കയറും മുമ്പായിരുന്നു മേയറുടെ കാറിൽ കറുത്ത തുണികെട്ടിയത്.
പിന്നീട് ചേംബറിൽ കയറി മേയറെ ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി. വിവരമറിഞ്ഞ് പൊലീസെത്തി കൗൺസിലർമാരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കൗൺസിലർമാരായ ജോൺ ഡാനിയൽ, ഇ.വി. സുനിൽരാജ്, എൻ.എ. ഗോപകുമാർ, ലാലി ജയിംസ്, സുനിത വിനു, നിമ്മി റപ്പായി, സിന്ധു ആന്‍റോ, ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, വിനേഷ് തയ്യിൽ, എ.കെ. സുരേഷ്, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉച്ചകഴിഞ്ഞായിരുന്നു സി.ഐ ലാൽകുമാറിന്‍റെ സാന്നിധ്യത്തിൽ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കളുമായുള്ള ചർച്ച.
മേയറുടെ ചേംബർ ഉപരോധിച്ച കോൺഗ്രസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പൊലീസ് വാഹനം കോർപറേഷൻ ഓഫിസിനകത്തേക്കെത്തിച്ചത് ഊരാക്കുടുക്കിലാക്കി. നവീകരണശേഷം മുറ്റം ഏറെ വിസ്തൃതമായെങ്കിലും വൈദ്യുതി വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിട ഭാഗത്തിന്‍റെ മുൻവശം തള്ളി നിൽക്കുന്നിടത്താണ് കൗൺസിലർമാരെ കയറ്റിയ പൊലീസ് വാഹനം കുരുങ്ങിയത്.
ചേംബറിൽനിന്ന് പുറത്തിറക്കിയ കൗൺസിലർമാർ വാഹനം തങ്ങളുടെ അടുത്തെത്തിച്ചല്ലാതെ കയറില്ലെന്ന് വാശിപിടിച്ചതോടെയാണ് വാഹനം അകത്തേക്ക് കടത്തിയത്. എളുപ്പത്തിൽ അകത്തേക്ക് കടത്തി കൗൺസിലർമാരെ വാഹനത്തിൽ കയറ്റിയെങ്കിലും പുറത്തേക്ക് കടക്കുന്നതിനിടെയാണ് കുരുങ്ങിയത്.
പുതുതായി സ്ഥാപിച്ച വൈദ്യുതി വിളക്കുകാലുകളിൽ തട്ടി ഏറെനേരം പൊലീസ് വാഹനം കുരുക്കിൽ അകപ്പെട്ടതിന് സമാനമായി. ഈ സമയമത്രയും കൗൺസിലർമാർ വാഹനത്തിനകത്തിരുന്ന് മുദ്രാവാക്യം മുഴക്കി.
വനിത കൗൺസിലർ ലാലി ജയിംസ് വാഹനത്തിന് പുറത്തുനിന്ന് മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി. കൗൺസിലർമാരുടെ സമരത്തെ നേരിടാനെത്തിയ പൊലീസ് പട ഒടുവിൽ വാഹനം പുറത്ത് കടത്താനുള്ള ശ്രമത്തിലായി.
അര മണിക്കൂറോളമെടുത്താണ് വാഹനം പുറത്തിറക്കാനായത്. വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്കും കോർപറേഷനിലെ ജീവനക്കാർക്കും കൗൺസിലർമാരുടെ സമരവും പൊലീസ് വാഹനം പുറത്തെടുക്കാനുള്ള പൊലീസുകാരുടെ തീവ്രശ്രമവും കൗതുകക്കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.