തൃശൂർ: സ്പിന്നിങ് മില്ലുകളെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ സമഗ്ര പാക്കേജ് കൊണ്ടുവരണമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ. മാധ്യമം പത്രത്തിൽ വന്ന ‘ഇഴ പൊട്ടിയ പ്രതാപം’ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ സഹായം ഉണ്ടെങ്കിലേ മില്ലുകൾക്ക് പിടിച്ചുനിൽക്കാനാകൂ. രാജ്യത്തെ 23 എൻ.ടി.സി മില്ലുകൾ പൂട്ടാൻ തീരുമാനിച്ചു. കേരളത്തിലെ അളഗപ്പയും കേരള ലക്ഷ്മിയും ഉൾപ്പെടെ അഞ്ച് മില്ലുകളും ഇക്കൂട്ടത്തിലുണ്ട്.
ഒരുകാലത്ത് സംസ്ഥാന സർക്കാറിന്റെ കൈയിലുണ്ടായിരുന്ന ഭൂമിയാണ് നാഷനൽ ടെക്സ്റ്റൈൽസ് കോർപറേഷൻ രൂപവത്കരിച്ചപ്പോൾ വിട്ടുകൊടുത്ത് സ്പിന്നിങ് മില്ലുകൾ തുടങ്ങിയത്. അക്കാലത്ത് ഭൂമി കൈമാറുമ്പോൾ വ്യവസ്ഥവെച്ചിരുന്നു. സ്ഥലം സ്പിന്നിങ് മില്ലിന് ഉപയോഗിക്കാം. അങ്ങനെ തൊഴിൽ അവസരങ്ങൾ ഉണ്ടാകണം, തൊഴിൽ സുരക്ഷ വേണം എന്നതുൾപ്പെടെ വ്യവസ്ഥ ചെയ്തിരുന്നു. തൊഴിൽ സുരക്ഷക്ക് ഭീഷണിയാവുകയും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും ഇപ്പോൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയിൽ കേരള സർക്കാറിന് മില്ലിന് നൽകിയ ഭൂമി തിരിച്ചുചോദിക്കാവുന്നതാണ്. ഇക്കാര്യം വ്യവസായ മന്ത്രി പി. രാജീവുമായി ഒന്നിലധികം തവണ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ എൻ.ടി.സികളിൽ കൂടുതൽ ഭൂമി നൽകിയത് തൃശൂരിലെ അളഗപ്പയും പുല്ലഴിയിലെ കേരള ലക്ഷ്മി മില്ലുമാണ്.
ഒരിക്കൽ ബി.സി.സി.ഐ കേരളത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം അനുവദിക്കാൻ തീരുമാനിച്ചപ്പോൾ കണ്ടുവെച്ചിരുന്ന ഭൂമിയാണ് പുല്ലഴിയിലെ കേരള ലക്ഷ്മിയുടേത്. പക്ഷേ, കേരള ക്രിക്കറ്റ് അസോസിയേഷന് താൽപര്യമില്ലാത്തതിനാൽ നടന്നില്ല. പൂങ്കുന്നം സീതാറാം മില്ലിൽ 15 വർഷം ട്രേഡ് യൂനിയൻ നേതൃസ്ഥാനം വഹിച്ചിരുന്നു. വ്യവസായ വകുപ്പ് നേരിട്ടുനടത്തുന്ന സംസ്ഥാനത്തെ ഏക മില്ലാണിത്.
1997-98 വർഷം മില്ലിന്റെ സ്ഥലം വിൽക്കാൻ എടുത്ത തീരുമാനത്തെ ശക്തമായി എതിർത്തയാളാണ് ഞാൻ. പക്ഷേ, വിൽപനക്കുശേഷം ഒരടിപോലും കമ്പനി മുന്നോട്ടുപോയില്ലെന്നത് ഇന്നും വിഷമിപ്പിക്കുന്നു. മില്ലിന്റെ ഒരിഞ്ച് സ്ഥലം പോലും ഇനി വിറ്റഴിക്കാൻ പാടില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.