തൃശൂർ: ഇന്ത്യൻ കായിക ലോകത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച ശ്രീ കേരളവർമ കോളജിലെ കായിക താരങ്ങൾക്കായി സ്പോർട്സ് അക്കാദമി സജ്ജമാകുന്നു. കോളജിലെ പൂർവ വിദ്യാർഥികളായ കായിക പ്രതിഭകളാണ് പിന്മുറക്കാർക്ക് പുതുഅവസരങ്ങൾ തുറന്ന് സ്പോർട്സ് അക്കാദമി ഒരുക്കുന്നത്. കോളജിൽനിന്ന് ഉയർന്ന കായിക പ്രതിഭകളുടെ നേതൃത്വത്തിലുള്ള കേരളവർമ സ്പോർട്സ് അലുമ്നി അസോസിയേഷന്റെ ആദ്യ പൊതുയോഗത്തിലാണ് സ്പോർട്സ് അക്കാദമി തീരുമാനം.
തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു കായിക പ്രതിഭകളുടെ സംഗമമായി മാറിയ ജനറൽ ബോഡി ചേർന്നത്. കോളജിലെ കായികാധ്യാപകൻ കൂടിയായിരുന്ന പ്രഫ. എം.സി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര രംഗത്ത് തിളക്കമാർന്ന കായികമുന്നേറ്റം നടത്തിയവരുടെ അപൂർവസംഗമമായി സ്പോർട്സ് അലുമ്നി പൊതുയോഗം മാറി. അസോസിയേഷൻ പ്രസിഡന്റ് സി.വി. പാപ്പച്ചൻ, സെക്രട്ടറി സി.കെ. നസറുദ്ദീൻ, ജയശങ്കർ സി. മേനോൻ, ശേഷാദ്രി, ജോപോൾ അഞ്ചേരി, സി.വി. പോൾസൺ, മനോജ് മോഹൻ, എ.വൈ. ഖാലിദ്, പി.എച്ച്. അബ്ദുല്ല, ലതാ മേനോൻ, എ.വി. സുരേഷ്, പി.സി. ആന്റണി, കെ.കെ. ഹമീദ്, കെ.എഫ്. ബെന്നി, ജോണി അഗസ്റ്റിൻ, സണ്ണി തോമസ് തുടങ്ങി മുൻ അന്താരാഷ്ട്ര-ദേശീയ താരങ്ങളും യോഗത്തിൽ സംസാരിച്ചു.
കേരളവർമ കോളജ് കായിക വിഭാഗവുമായി സഹകരിച്ച് കുട്ടികൾക്ക് അനുബന്ധ സൗകര്യങ്ങളോടെ മികച്ച പരിശീലനം അസോസിയേഷൻ ഒരുക്കിക്കൊടുക്കും. സംസ്ഥാനതലത്തിൽ ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, അത്ലറ്റിക്സ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കും. അസോസിയേഷന്റെ ലോഞ്ചിങ്ങിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം പ്രഫ. എം.സി. രാധാകൃഷ്ണൻ നിർവഹിച്ചു. കേരളവർമയുടെ മുൻ കായിക പ്രതിഭകളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.