തൃശൂർ: സ്കൂൾ കായിക മേളയുടെ ആവേശം മൈതാനിയിൽ കൊടിമുടി കയറുമ്പോൾ ശാസ്ത്രീയ പരിശീലനം നൽകാൻ ഏറെ സ്കൂളുകളിൽ കായിക അധ്യാപകരില്ല. അതുകൊണ്ടുതന്നെ അശാസ്ത്രീയ പരിശീലനവുമായാണ് കുട്ടികൾ ട്രാക്കിലും ഫീൽഡിലും ഇറങ്ങുന്നത്. കായിക അധ്യാപകരുള്ള സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കുമ്പോൾ മികച്ച പരിശീലനത്തിന്റെ അഭാവത്തിൽ പിന്നിലാവുന്നവർ ഏറെ.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുമ്പോൾ എല്ലാ വിദ്യാലയങ്ങളിലും കായിക അധ്യാപകർ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കുട്ടികൾക്ക് പരിശീലനം നൽകാൻ പണമില്ലാത്ത രക്ഷിതാക്കൾക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിസിപ്പിക്കാനാവാത്ത ഗതികേടിലാണുള്ളത്. ഇതേ അഭിപ്രായംതന്നെയാണ് ഇതര വിഷയങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെ മേളക്ക് കൊണ്ടുവരുന്ന അധ്യാപകരും പങ്കുവെക്കുന്നത്.
നേരത്തേ ഒളിമ്പിക്സ് അടക്കം ലക്ഷ്യംവെച്ച് വിവിധ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരുന്നു. കോവിഡിന് പിന്നാലെ നിലച്ച പദ്ധതി പുനരാവിഷ്കരിക്കാൻ സർക്കാറിനായിട്ടില്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അധ്യാപകർ പിരിവിട്ട് കായിക പരിശീലനത്തിന് ആളെ വെക്കേണ്ട ഗതികേടുമുണ്ട്.
ക്രോസ് കൺട്രി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദി ഉദയ് സൂര്യ ശാസ്ത്രീയ പരിശീലനം ഇല്ലാതെയായിരുന്നു ട്രാക്കിലിറങ്ങിയത്. കായികാധ്യാപകനില്ലാത്ത വിദ്യാലയമായതിനാൽ ശാസ്ത്രീയ പരിശീലനത്തിന്റെ കുറവ് മത്സരാർഥികളുടെ പ്രകടനത്തെ ബാധിച്ചിരുന്നു.
കായികാധ്യാപകരാകാൻ യോഗ്യരായ നിരവധിയാളുകൾ ഉള്ളപ്പോൾ പല സ്കൂളിലും അങ്ങനെയൊരു തസ്തിക ഇല്ലാതിരിക്കുന്നത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതുമൂലം പല സ്കൂളുകളിൽ നിന്നും മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ് കായികമത്സരങ്ങൾക്ക് കുട്ടികളെ നയിക്കുന്നത്. എല്ലാ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ഉറപ്പാക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.