തൃശൂർ: നാടെങ്ങും തെരുവുനായ് ഭീതിയിലാണ്. ജില്ലയുടെ പടിഞ്ഞാറ് അഴീക്കോട് മുതൽ അങ്ങേയറ്റം ചാവക്കാട്വരെയും ഇപ്പുറത്ത് ഗുരുവായൂരും കുന്നംകുളവും മേഖലകളിലും ഇടനാടുകളിലുമെല്ലാം നായ്ക്കൾ തെരുവ് കീഴടക്കുകയാണ്. വീടിന് പുറത്ത് കളിക്കുന്ന കുട്ടികളെ വരെ വെറുതെവിടുന്നില്ല.
അതിനപ്പുറം വീടുകളിലേക്ക് കയറിപോലും കടിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം എറിയാട് ഒരാളുടെ മൂക്ക് അടക്കം കടിച്ചുപറിച്ചു. നേരത്തെ കരുവന്നൂർ പനംകുളത്ത് ഏറെ പേരെയാണ് ഇവ ആക്രമിച്ചത്. ഇരട്ടപ്പുഴയിലും എടതിരിഞ്ഞിയിലുമായി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സുഖജീവിതമാണ് നായ്ക്കൾക്ക്. ഉയർന്ന ക്ലാസുകാർക്കുള്ള വിശ്രമമുറിക്ക് മുന്നിൽ ഏത് സമയത്തും ഇവയുണ്ട്.
പലപ്പോഴും പലരെയും കടിച്ചിട്ടും കാര്യമായ നടപടി എടുക്കാൻ റെയിൽവേ അധികൃതർക്കായിട്ടില്ല. ശക്തൻ ബസ് സ്റ്റാൻഡും വടക്കെ ബസ് സ്റ്റാൻഡുമൊക്കെ റെയിൽവേ സ്റ്റേഷനിൽ നിന്നും വിഭിന്നമല്ല. വിവിധ ജങ്ഷനുകളിൽ വലിയ തോതിലാണ് ഇവ തമ്പടിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും മത്രമല്ല പുരുഷൻമാരെ പോലും വെറുതെ വിടാത്ത സാഹചര്യമാണുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിൽ എ.ബി.സി രണ്ട് മാസം വൈകും
തൃശൂർ: എ.ബി.സിയുടെ ഗുണഫലം ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാകണമെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി വ്യവസ്ഥാപിതമായി ഏറ്റെടുക്കണം. നേരത്തെ ചാവക്കാട്, വെള്ളാങ്ങല്ലുർ, മാള, ചാലക്കുടി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളിൽ ഇത് മികച്ചരീതിയിൽ നടന്നിരുന്നു. അവിടെ കുടുംബശ്രീ അംഗങ്ങളാണ് നായ്ക്കളെ വന്ധ്യംകരണത്തിനായി പിടിച്ചുനൽകിയിരുന്നത്. ഇതിനെതിരെ മൃഗസ്നേഹികൾ രംഗത്തുവന്നതോടെ കുടുംബശ്രീ പ്രവർത്തകരെ നായ പടുത്തത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ശേഷം പുതിയ ആളുകൾ വന്നുവെങ്കിലും കേന്ദ്രസർക്കാർ നിബന്ധന കടുപ്പിച്ചതോടെ നിലവിലെ സാഹചര്യത്തിൽ വന്ധ്യംകരണം നടക്കുകയില്ല. കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ച് നായ്ക്കൾക്ക് താമസിക്കാൻ കൂടുതൽ സ്ഥലമുള്ള കൂടുകൾ ഒരുക്കേണ്ടതുണ്ട്. ഈ പശ്ചാത്തല സൗകര്യം രണ്ടുമാസമെങ്കിലും വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാധ്യമത്തോട് പറഞ്ഞു.
കോർപറേഷൻ കേന്ദ്രത്തിലും തുടരാനായില്ല
തൃശൂർ: കോർപറേഷനിലെ പറവട്ടാനിയിലെ കേന്ദ്രത്തിൽ എ.ബി.സി പദ്ധതിയിൽ വന്ധ്യംകരിക്കുന്നത് ആയിരത്തോളമാണ്. ഇതര തദ്ദേശസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ടുദിവസം വന്ധ്യംകരണം നടത്തുന്നതിന് ജില്ല പഞ്ചായത്ത് കരാർ ഉണ്ടാക്കിയിരുന്നു. സെപ്റ്റംബർ 13 മുതൽ ഇത് തുടങ്ങാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ തുടങ്ങാനാവാത്ത സാഹചര്യമാണ്. അടുത്ത ആഴ്ചയിൽ തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പത്ത് വർഷം തുടർച്ചയായി എ.ബി.സി ഫലപ്രദമായി നടപ്പാക്കിയാൽ തെരുവുനായ്ക്കൾ ഇല്ലാതാകും. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ജില്ല പഞ്ചായത്ത് മുന്നോട്ടുവന്നിട്ടുണ്ട്. കുടുംബശ്രീ മിഷന്റെ എ.ബി.സി പദ്ധതിക്ക് വിലക്ക് വീണതോടെ ജില്ലയുടെ തീരമേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. അനിമൽ വെൽഫെയർബോർഡിന്റെ അനുമതി അടക്കമുള്ള സാങ്കേതിക തടസ്സങ്ങളും പ്രശ്നമാണ്.
ഭക്ഷണം നൽകുന്നവർക്ക് പിഴയിടണം
തൃശൂർ: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി, എന്നാൽ വളർത്താൻ മടിക്കുന്നവർ ഏറുകയാണ്. നായ്ക്കളുടെ താളവമായി മാറിയ തൃശൂർ റെയിൽവേ സ്റ്റേഷൻ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വിവിധ മേഖലകളിൽ ഇത്തരത്തിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ഏറെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സമയാസമയങ്ങളിൽ ഭക്ഷണം ലഭിക്കുന്നവ വിശ്രമത്തിന് അനുയോജ്യമായ താവളം കണ്ടെത്തുക്കയാണ് ചെയ്യുന്നത്. സമയത്ത് ഭക്ഷണം കിട്ടാതെ വരുമ്പോൾ പ്രകോപിതമാവുന്നവയും കൂട്ടത്തിലുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ലഭിക്കുന്ന മാലിന്യത്തിൽ നിന്നുമാണ് ഇവക്ക് ഭക്ഷണം ലഭിക്കുന്നത്. നഗര-ഗ്രാമവ്യത്യാസമില്ലാതെ ലഭിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇവയുടെ വളർച്ചയെ മാത്രമല്ല അക്രമ വാസനയെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണ മാലിന്യം വലിച്ചെറിയുന്ന സ്വഭാവത്തിന് മാറ്റമുണ്ടാക്കിയേ മതിയാവൂ.
കടിയേറ്റ് ജില്ല
തൃശൂർ: നായ കടിയേൽക്കുന്നവർക്കായുള്ള സിറം ചികിത്സ ജില്ലയിൽ മൂന്ന് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണുള്ളത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ്, തൃശൂർ ജനറൽ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയുള്ളത്.
ഇതിനൊപ്പം ഐ.ഡി.ആർ.വി കുത്തിവെയ്പ് തൃശൂർ ഗവ. മെഡിക്കൽ കോളജ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ല ആശുപത്രി, ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, പുതുക്കാട്, ചേലക്കര തുടങ്ങിയ താലൂക്ക് ആശുപത്രികൾ, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി കൊരട്ടി, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.