തൃശൂർ: സംസാരശേഷിയില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ടായി സംസാരിക്കാൻ 'ധ്വനി' ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ഓട്ടിസം ബാധിച്ച കുട്ടികൾ അടക്കം ദിവസവും ഉപയോഗിക്കുന്ന വാക്കുകൾ റെക്കോഡ് ചെയ്ത് ഓരോ ചാനൽ ആയി യന്ത്രത്തിൽ സൂക്ഷിക്കും.
കുട്ടികൾക്ക് സംസാരിക്കേണ്ടി വരുമ്പോൾ ബട്ടൺ ഉപയോഗിച്ച് റെക്കോഡ് ചെയ്ത ശബ്ദങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരോട് ആശയവിനിമയം നടത്താം. വിദേശരാജ്യ സാങ്കേതികവിദ്യ ഉണ്ടെങ്കിലും ഇന്ത്യയിൽ പ്രചാരം കുറവായതിനാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് സംസാരശേഷിയില്ലാത്തവർക്കായി ഉപകരണം നിർമിച്ച് നൽകാൻ കോളജ് വിദ്യാർഥികളോട് ആവശ്യപ്പെടുകയായിരുന്നു. മികച്ച ഉപകരണൾ നിർമിച്ച അഞ്ച് കോളജുകളിൽ വിദ്യ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം നിർമിച്ച ഉപകരണം ഇടം നേടിയിരുന്നു.
തൃശൂരിലെ സ്പെഷൽ സ്കൂളിൽ പരീക്ഷണ പ്രവർത്തനം നടത്തി വിജയിച്ച ശേഷമാണ് വിദ്യ ടീം സർവകലാശാലയിലേക്ക് സമർപ്പിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രാണിക്സ് വിഭാഗം അസി. പ്രഫ. കെ.ആർ. വിഷ്ണുരാജ്, ഇലക്ട്രോണിക്സ് വിഭാഗം അസി. പ്രഫ. എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാം സെമസ്റ്റർ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർഥികളായ എ.ജെ. അഭിനവ്, അഭിറാം പ്രകാശ്, അഭിഷേക് എസ്. നായർ, യു. ഐശ്വര്യ, എം.ആർ. എയ്ഞ്ചൽ റോസ്, കെ. ഋഷികേശ് കൃഷ്ണൻ എന്നിവരാണ് ധ്വനി യന്ത്രത്തിന്റെ അണിയറ ശിൽപികൾ. സർവകലാശാലയുടെ പിന്തുണയോടെ യന്ത്രം ആവശ്യമുള്ള കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.