തൃശൂർ: വനം കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലായിരുന്ന പട്ടിക്കാട് സ്വദേശി ബൈജു ആത്മഹത്യ ചെയ്ത കേസിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വനംവകുപ്പിന് നിർദേശം നൽകിയതായി സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ വനംവകുപ്പ് ഇടപെടാത്തത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. 2017 ജൂലൈ 23നാണ് ബൈജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ. രഞ്ജിത്ത് വനംകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ബൈജുവിനെ കസ്റ്റഡിയിലെടുത്ത ശേഷം രണ്ടാം ദിവസമായിരുന്നു മരണം. ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ബൈജുവിനെ കസ്റ്റഡിയിലെടുത്ത വനം ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു. മാത്രമല്ല ബൈജുവിന്‍റെ മരണത്തോടെ വനവിഭവങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതിയിൽ അന്വേഷിച്ച ഫോറസ്റ്റ് ഫ്ലെയിങ് സ്ക്വാഡ് 38 ലക്ഷം രൂപയുടെ പൊതുനഷ്ടം ഉണ്ടായതായി കണ്ടെത്തിയെന്ന് മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് വാർത്തസമ്മേളത്തിൽ പറഞ്ഞു.
ഈ കണ്ടെത്തലുകളിലൊന്നും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കേന്ദ്രം തൃശൂർ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. വനംവകുപ്പ് മന്ത്രിയുടെ ഓഫിസിന്‍റെ സഹായത്തോടെ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. കെ.ബി. വേണുഗോപാലൻ നായർ, അഡ്വ. തോമസ് കോട്ടൂരാൻ, കെ.വി. ജോസഫ് എന്നിവരും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.