തൃശൂർ: ചൂടിന്‍റെ കാഠിന്യത്തിന് ആശ്വാസമായി വേനൽമഴ സജീവമാകുന്നു. ഇടിയോടു കൂടിയ മഴയാണ് വലിയ തോതിലല്ലെങ്കിലും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നത്. മാർച്ചിൽ കേരളത്തിന്‍റെ വേനൽമഴ വിഹിതം 35 മില്ലിമീറ്ററാണ്. എന്നാൽ, മാർച്ച് 31വരെ 48 മി.മീ മഴയാണ് ലഭിച്ചത്. ഇത് 39 ശതമാനം അധികമഴയാണ്. അതേസമയം മാർച്ച് ഒന്നു മുതൽ ഏപ്രിൽ നാലുവരെ 42ന് പകരം 70 മി.മീ മഴ ലഭിച്ചിട്ടുണ്ട്. 46 ശതമാനം അധികമഴയാണിത്.
കഴിഞ്ഞ നാലു ദിവസം മാത്രം 28 മി.മീ മഴ ലഭിച്ചു. ഏപ്രിൽ എട്ടുവരെ സമാന സ്വഭാവത്തിൽ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. മൺസൂൺപൂർവ മഴ തുടർ ദിവസങ്ങളിൽ കൂടുതൽ സജീവമാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. 262 ശതമാനം അധികം ലഭിച്ച കാസർകോട് ജില്ലക്കാണ് കൂടുതൽ മഴ ലഭിച്ചത്. വേനൽമഴ തുലോം കുറവായ (16.3) ഇവിടെ 59.1 മി.മീ മഴയാണ് ലഭിച്ചത്. 26.8ന് പകരം 78.3 മി.മീ ലഭിച്ച വയനാടിന് 192 ശതമാനം അധികമഴയാണ് ലഭിച്ചത്.
39.2ന് പകരം 103 മി.മീ മഴ ലഭിച്ച എറണാകുളം ജില്ലക്ക് 163 ശതമാനവും ലഭിച്ചു. രണ്ടു ജില്ലകളിൽ മാത്രമാണ് മഴക്കമ്മിയുള്ളത്. 25.7ന് പകരം 8.2 മി.മീ മഴ ലഭിച്ച തൃശൂരിൽ 68 ശതമാനം മഴക്കുറവാണുള്ളത്. തിരുവനന്തപുരത്ത് 35 ശതമാനം മഴക്കുറവുണ്ട്.
മാർച്ചിൽ അപൂർവമായി ഉണ്ടായ ന്യൂനമർദവും പിന്നാലെ വന്ന ചക്രവാത ചുഴിയുമാണ് ചൂടിന്‍റെ കാഠിന്യത്തിൽനിന്ന് കേരളത്തെ രക്ഷിച്ചത്. മാർച്ച് ആദ്യത്തിൽ 41 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയ സാഹചര്യം നിലവിലില്ല. കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപം. കോഴിക്കോട് 36ഉം. മധ്യ കേരളത്തിൽ കനത്ത ചൂട് അനുഭവപ്പെട്ടിരുന്ന കോട്ടയത്ത് 34.8 ആണ് ചൂട് രേഖപ്പെടുത്തിയത്. ബാക്കി ജില്ലകളിലും 34നും 35നും ഇടയിലാണ് ചൂട് രേഖപ്പെടുത്തിയത്. അതേസമയം അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് കൂടുതലുള്ളതാണ് വിയർത്തൊലിക്കാൻ കാരണം.
ഏപ്രിൽ ആറോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴിക്ക് പിന്നാലെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ന്യൂനമർദം ശക്തി പ്രാപിച്ച് തമിഴ്നാട് - ആന്ധ്ര തീരത്തേക്ക് നീങ്ങാനുള്ള സാധ്യതയും വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിലും നല്ല മഴ ലഭിച്ചേക്കും. ഏപ്രിൽ പകുതിക്ക് ശേഷം മൺസൂൺ മഴയെ കുറിച്ച ആദ്യ വിവരം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.