തൃശൂര്‍: കേന്ദ്ര സര്‍ക്കാരില്‍ ടൂറിസം-പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി നിയമിക്കപ്പെട്ടതോടെ തൃശൂരിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകും. വന്‍തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന പൂരങ്ങളുടെ നാടായ തൃശൂരില്‍ ടൂറിസം മേഖലയില്‍ പുത്തന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, ഗുരുവായൂര്‍ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം തുടങ്ങി വന്‍തോതില്‍ ആളുകളെത്തുന്ന കേന്ദ്രങ്ങളുള്ള ജില്ലയാണ് തൃശൂര്‍. അതിനാല്‍ ഇവയുടെ വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികള്‍ കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് സാധിച്ചാല്‍ ടൂറിസം മേഖലക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം പദ്ധതികള്‍ തടസ്സങ്ങളില്ലാതെ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഗജേന്ദ്ര സിങ് ഷെഖാവത്താണ് ടൂറിസം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രി.
അതേസമയം, പ്രകടനപത്രികയില്‍ സുരേഷ് ഗോപി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കൊച്ചി മെട്രോയുടെ വികസനമാണ് ഏറ്റവും പ്രധാന വാഗ്ദാനമായി അദ്ദേഹം മുന്നോട്ടുവെച്ചത്. മെട്രോ തൃശൂരിലേക്ക് നീട്ടണമെന്നാണ് സുരേഷ് ഗോപിയുടെ താൽപര്യം. തൃശൂര്‍-ഗുരുവായൂര്‍ പാത ഇരട്ടിപ്പിക്കല്‍, ഗുരുവായൂരില്‍നിന്ന് തിരൂരിലേക്ക് റെയില്‍പ്പാത നീട്ടല്‍, ഷൊര്‍ണൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
ശക്തന് വികസനം, എലിവേറ്റഡ് ഹൈവേ എന്നിവ തൃശൂരിന്റെ വികസനത്തിനുള്ള കോര്‍പറേഷന്റെ സ്വപ്നപദ്ധതികളാണ്. ഇവ കോര്പറേഷന് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ സുരേഷ് ഗോപിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്പറേഷന്. രാജ്യസഭ എം.പിയായിരിക്കെ ശക്തന് മാര്‍ക്കറ്റ് വികസനത്തിനായി സുരേഷ് ഗോപി ഒരുകോടി രൂപ നല്‍കിയിരുന്നു. മന്ത്രിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിലുള്ള സ്വാധീനത്താല്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് തൃശൂര്‍ക്കാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.