കൂർക്കഞ്ചേരി: അഴക് വിരിച്ച് വർണക്കാവടികളുടേയും പീലിക്കാവടികളുടേയും നിറഞ്ഞാട്ടം... കരിവീര ചന്തത്തിൽ എഴുന്നള്ളിപ്പ്. ക്ഷേത്രങ്ങളിലെ തൈപൂയാഘോഷം വർണാഭം. ദേശക്കൂട്ടായ്മയുടെ വര്ണഘോഷത്തിൽ നാടൊന്നാകെ ചേർന്ന് മഹോത്സവമായി. കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നട തുറന്ന് ഭഗവാനെ പള്ളിയുണർത്തി.
വെള്ളിയാഴ്ച രാവിലെ അഞ്ച് മുതൽ തന്നെ കാവടിയഭിഷേകങ്ങൾക്ക് തുടക്കമായി. രാവിലെ മുതല്‍ അഭിഷേക കാവടിയാട്ടവും തുടര്‍ന്ന് കര്‍പ്പൂരാരാധനയും തേര് എഴുന്നള്ളിപ്പും നടന്നു. വിവിധ പന്തലുകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ സംഗമിച്ച ശേഷമാണ് പകല്കാവടിക്ക് തുടക്കമായത്.
വര്‍ണക്കാഴ്ചകളുടെ അലകടലായി വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടി വരവുകളും ബഹുനില പന്തലുകളും തൈപ്പൂയ മഹോത്സവത്തെ വര്‍ണാഭമാക്കി. ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി വടൂക്കര, ബാലസമാജം കൂര്‍ക്കഞ്ചേരി, യുവജനസമാജം പനമുക്ക്, ഗുരുദേവ സമാജം കൂര്‍ക്കഞ്ചേരി, ബാലസമാജം ചിയ്യാരം, ശ്രീനാരായണ സമാജം നെടുപുഴ, കണിമംഗലം ദേശക്കാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കാവടികള്‍ എത്തിയത്. കാവടിമത്സരം ഉച്ചക്ക് രണ്ടുവരെ നീണ്ടു.
തുടർന്ന് കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ ദേശങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾ പന്തലുകളിലെത്തി. വൈകീട്ട് കുടമാറ്റവും കൂട്ടി എഴുന്നള്ളിപ്പും അകത്തുമേളവുമുണ്ടായി. ശനിയാഴ്ച രാവിലെ ക്ഷേത്രനടയിലെ കൂട്ടിയെഴുന്നള്ളിപ്പ് ഒമ്പതരയോടെയാണ് സമാപിച്ചത്. മികച്ച ദേശങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാത്രി എട്ടിന് അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കണിമംഗലം ശ്രീനാരായണ ഹൈസ്കൂളിലെത്തി ചടങ്ങുകൾക്കുശേഷം തിരിച്ചെത്തി.
ഞായറാഴ്ച രാവിലെ 7.30 മുതൽ ക്ഷേത്രം തീർഥകുളത്തിൽ ആറാട്ട് ആരംഭിച്ച് ചടങ്ങുകൾക്ക് ശേഷം പഞ്ചവാദ്യത്തോടെ പത്തിന് ക്ഷേത്രത്തിലെത്തി കൊടിയിറക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാവും.
തുടർന്ന് പ്രസാദഊട്ട് നടക്കും. തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് വിനേഷ് തയ്യിൽ, വൈസ് പ്രസിഡൻറ് ജയൻ കൂനമ്പാടൻ, സെക്രട്ടറി ജിനേഷ് കെ.വിശ്വനാഥൻ, അസി.സെക്രട്ടറി സന്തോഷ് കിളവൻ പറമ്പിൽ, ട്രഷറർ സുനിൽകുമാർ പയ്യപ്പാടൻ, കൺവീനർ പി.ബി അനൂപ്കുമാർ പാമ്പുംകാട്ടിൽ, ഭരണസമിതിയംഗങ്ങളായ സദാനന്ദൻ വാഴപ്പുള്ളി, ഉൻമേഷ് പാറയിൽ, കെ.ആർ. മോഹനൻ, പ്രസന്നൻ കോലഴിക്കാരൻ, കെ.കെ.മുകുന്ദൻ, കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രഞ്ചു തൈപറമ്പത്, പ്രസാദ് പരാരത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.