മാള: പൊലീസ് സ്റ്റേഷന്റെ മുൻവശത്തെ ഒട്ടോറിക്ഷ സ്റ്റാൻഡ് മാറ്റണമെന്നാവശ്യപ്പെട്ട് പരാതി. ദിവസങ്ങൾക്ക് മുമ്പാണ് മാള സ്റ്റേഷന്റെ മുൻവശത്ത് ഒട്ടോറിക്ഷ സ്റ്റാൻഡ് ആരംഭിച്ചത്. പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ സ്റ്റേഷന്റെ മുൻവശം പാർക്ക് ചെയ്യാൻ തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഓട്ടോ തൊഴിലാളികൾ ചേർന്ന് സി.ഐ.ടി.യു യൂനിയന്റെ യൂനിറ്റായി പ്രഖ്യാപിക്കയും ചെയ്തു.
സ്റ്റേഷന്റെ മുൻവശം തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതിന് പ്രതികാരമായി അനധികൃത ഓട്ടോസ്റ്റാൻഡ് പ്രവർത്തിക്കുന്നതിന് പൊലീസ് പിന്തുണയുണ്ടെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങളും അക്ഷയ, പഞ്ചായത്ത് ഓഫിസ്, സ്വകാര്യ ആശുപത്രി, സമീപ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളും നിർത്താനുള്ള സൗകര്യപ്രദമായ സ്ഥലമാണിത്.
അടിയന്തിരമായി ഓട്ടോറിക്ഷ പാർക്കിങ് ഇവിടെനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമീപ ഭാഗത്തെ വ്യാപാരികൾ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അനിൽകുമാർ അതിയാരത്ത് എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
15 വർഷത്തോളമായി വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്താണ് ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി ഉത്തരവിനെ തുടർന്ന് അധികൃതർ സ്റ്റേഷൻ വളപ്പിൽ തന്നെ സ്ഥലം കണ്ടെത്തി വാഹനങ്ങൾ നീക്കുകയായിരുന്നു. തുടർന്നാണ് ഓട്ടോറിക്ഷകൾ സ്റ്റേഷന് മുമ്പിൽ പാർക്ക് ചെയ്ത് ഓട്ടോസ്റ്റാൻഡായി പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.