അഴീക്കോട് (തൃശൂർ): തെങ്ങിൽ കയറി കുടുങ്ങിപ്പോയ പൂച്ചക്ക് അഗ്നിശമന സേന രക്ഷകരായി. അഴീക്കോട് മരപ്പാലത്തിന് പടിഞ്ഞാറ് പോണത്ത് അബ്ദുസ്സലാമിന്റെ വീട്ടിലെ പെൺപൂച്ചയാണ് 40 അടി ഉയരമുള്ള തെങ്ങിൽ രണ്ട് ദിവസം കുടുങ്ങിയത്. കുഞ്ഞുങ്ങളുമായി വീടിന് പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പൂച്ച ശനിയാഴ്ച രാത്രി കുറുക്കനെ കണ്ട് പേടിച്ച് വീടിന് സമീപത്തെ തെങ്ങിൽ ഓടിക്കയറുകയായിരുന്നു.
പൂച്ചയുടെ കരച്ചിൽ കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തെങ്ങിന്‍റെ തലപ്പിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ മീൻ കാണിച്ചും മറ്റും വീട്ടുകാർ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാപ്പകലില്ലാതെ പൂച്ച കരച്ചിൽ തുടർന്നതോടെ വീട്ടുകാർക്കും ഭക്ഷണവും ഉറക്കവുമില്ലാതായി.
തെങ്ങുകയറ്റക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും പൂച്ച ആക്രമിച്ചേക്കുമെന്ന ഭയത്താൽ പിൻമാറി. ഇതോടെ ഇവരുടെ അയൽവാസി തിങ്കളാഴ്ച കൊടുങ്ങല്ലൂർ അഗ്നിശന സേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ കെ.എൻ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ താഴെ വലവിരിച്ച ശേഷം ഇരുനില വീടിന് മുകളിൽ മുകളിൽ കയറി മുളത്തോട്ടി ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി.
ഇതിനിടെ പൂച്ച തനിയെ ഇറങ്ങാൻ ശ്രമിക്കുന്നത് കണ്ട് തോട്ടി ഉപയോഗിച്ച് തടഞ്ഞ് താഴേക്ക് ഇറക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ബി. സുനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബിനുരാജ്, കെ.എസ്. അജിത്ത്, അമൽജിത്ത്, രമ്യത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.പി. ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.