തൃശൂർ: ജില്ലയിൽ സി.പി.എം മത്സരിക്കുന്ന സീറ്റുകളിൽ ഒരെണ്ണം കുറഞ്ഞു. കാലങ്ങളായി ഇടത് കോട്ടയായി കൊണ്ടുനടക്കുന്ന ചാലക്കുടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി. ഇരു പാർട്ടികളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലാണ് ധാരണ. നേരേത്ത എട്ട് സീറ്റിലായിരുന്നു സി.പി.എം മത്സരിച്ചിരുന്നത്. കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിലെത്തിയ നേതാവിനെയാണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് സൂചന. സഭതലത്തിലും ഇതിനായി ഇടപെടലുണ്ടെന്ന് പറയുന്നു. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇതിനിടെ സംസ്ഥാന സമിതി നിർദേശങ്ങളനുസരിച്ച് നേരേത്ത നൽകിയ സ്ഥാനാർഥി സാധ്യതകളിൽ മാറ്റംവരുത്തി പുതുക്കിയ സ്ഥാനാർഥി പട്ടികക്ക് ജില്ല സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.
നേരേത്ത ഗുരുവായൂരിലേക്ക് ശിപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി. പകരം ചാവക്കാട് നഗരസഭ മുൻ ചെയർമാനും ചാവക്കാട് ഏരിയ സെക്രട്ടറിയുമായ എൻ.കെ. അക്ബറിനെയാണ് തീരുമാനിച്ചത്. സിറ്റിങ് എം.എൽ.എ കെ.വി. അബ്ദുൾഖാദർ മൂന്ന് ടേം പൂർത്തീകരിച്ച സാഹചര്യത്തിലാണ് ഇവിടെ സ്ഥാനാർഥി മാറ്റം. നഗരസഭ ചെയർമാനായും പാർട്ടി ഏരിയ സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ നേതാവുമൊക്കെയായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നയാളാണ് അക്ബർ. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളുമുണ്ട്. യു.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ കെ.എൻ.എ. ഖാദർ വരുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.
സംവരണ മണ്ഡലമായ ചേലക്കരയിൽ സിറ്റിങ് എം.എൽ.എയായ യു.ആര്. പ്രദീപിന് രണ്ടാമൂഴം കൊടുക്കാനുള്ള ജില്ല സെക്രട്ടേറിയറ്റിെൻറ തീരുമാനവും സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലോടെ ഇല്ലാതായി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്ണനെ അവിടെ മത്സരിപ്പിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ശിപാർശ ജില്ല സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇവിടെ യു.ആർ. പ്രദീപിനെ മാറ്റുന്നതിൽ എതിർപ്പുകളുണ്ടെങ്കിലും പരിഹരിക്കാനാവുമെന്നാണ് നേതാക്കൾ പറയുന്നത്.
യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്നതാണ് സീറ്റ്. പതിറ്റാണ്ടുകളായി ഇടതുകോട്ടയാണ് ചേലക്കര. ഇത്തവണ കെ.പി.സി.സി സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സി.സി. ശ്രീകുമാറിനെയാണ് ഇവിടെ പരിഗണിക്കുന്നത്. മുൻകാലങ്ങളില്ലാത്ത വിധമുള്ള മത്സരം ഇത്തവണ ചേലക്കരയിലുണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. ഇരിങ്ങാലക്കുടയിൽ എ. വിജയരാഘവെൻറ ഭാര്യയും തൃശൂര്‍ കോർപറേഷൻ മുൻ മേയറുമായ ആര്. ബിന്ദുവിെൻറ സ്ഥാനാർഥിത്വവും ജില്ല സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ബിന്ദുവിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കകത്ത് എതിർപ്പുകളുണ്ട്.
സി.പി.എം ജില്ല കമ്മിറ്റി അംഗമാണെങ്കിലും മുഴുവൻ സമയ പ്രവർത്തകയല്ല ബിന്ദു. കഴിഞ്ഞ തവണ ജയിച്ചതിന് തുല്യമായി വെറും 43 വോട്ടിന് പരാജയപ്പെട്ട വടക്കാഞ്ചേരിയിൽ മത്സരിച്ച മേരി തോമസ് അടക്കമുള്ള വനിത നേതാക്കൾ സജീവമായിരിക്കെ അവസരം നൽകാതെ ബിന്ദുവിനെ പരിഗണിച്ചതിൽ ജില്ല നേതാക്കൾ അടക്കം കടുത്ത അമർഷത്തിലാണ്.
പുതുക്കാട്ടും സമാനമായി എതിർപ്പുയർന്നിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ച് മന്ത്രി സി. രവീന്ദ്രനാഥ് അത്രയേറെ ബന്ധം സൂക്ഷിച്ച പുതുക്കാട് കെ.കെ. രാമചന്ദ്രൻ വിജയിക്കാൻ സാധ്യത കുറവെന്ന ആശങ്കയാണ് മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും ജില്ല നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രവർത്തനം സജീവമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.