തൃശൂർ: അതിരൂപതക്ക് കീഴിൽ പൂമലയിലെ ലിറ്റിൽ ഫ്ലവർ പള്ളി വികാരിയും വിശ്വാസികളും തമ്മിലുള്ള പോര് തെരുവിലേക്ക്. വിശ്വാസികൾക്ക് കൂട്ടമരണ കുർബാന അർപ്പിച്ച വികാരിയുടെ നടപടിയിൽ പ്രതിഷേധവുമായി പള്ളിക്ക് മുന്നിൽ മരണത്തിന്റെ ഏഴാംനാൾ ആചരിച്ച് ഇടവകക്കാരും രംഗത്തെത്തി.
പള്ളി വികാരിയും വിശ്വാസികളും തമ്മിലെ ഏറ്റുമുട്ടൽ വിശ്വാസ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. പുതിയ പള്ളി നിർമിച്ചതുമായി ബന്ധപ്പെട്ട കണക്കെടുപ്പും മറ്റു പ്രശ്നങ്ങളുമായുള്ള തർക്കമാണ് ഇപ്പോൾ പൂമല ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഇടവകക്കാരുടെ കൂട്ടമരണ കുർബാന അർപ്പിച്ചുള്ള വികാരിയുടെയും മരണത്തിന്റെ ഏഴാം നാൾ ആചരിച്ചുള്ള ഇടവകക്കാരുടെയും പരസ്യ പോരിൽ എത്തിയിരിക്കുന്നത്.
ഇടവകക്കാരുടെ പരാതി ബിഷപ്പിനും മേജർ ആർച്ച് ബിഷപ്പിനും എത്തിയിരിക്കെ വികാരി ഫാ. ജോയ്സൺ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുർബാന വൻ വിവാദമായിരുന്നു. സവിശേഷനാളായ പെന്തക്കുസ്ത നാളിൽ വികാരി പ്രത്യേക കുർബാന അർപ്പിക്കേണ്ടതിന് പകരം ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണ കുർബാന ചൊല്ലിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇതോടെ വികാരിക്ക് അനുകൂലമായി നിന്ന വിശ്വാസികൾ പോലും മറുഭാഗത്ത് എത്തി.
തനിക്കെതിരായ പ്രവൃത്തികളിൽ ഒപ്പമുള്ളവർപോലും പ്രതികരിക്കുന്നില്ലെന്നും അതിനാലാണ് ഇടവകയിലെ എല്ലാ വിശ്വാസികളും മരിച്ചതായി കണക്കാക്കി ഇടവകക്കാർക്ക് കൂട്ടമരണ കുർബാന ചൊല്ലിയതെന്നുമായിരുന്നു വികാരിയുടെ വിശദീകരണം.
വികാരിയുടെ നിലപാടുകൾ എതിർത്തിരുന്ന വിശ്വാസികൾ ഒത്തുചേർന്ന് പൂമല ചെറുപുഷ്പ ദേവാലയ സംരക്ഷണസമിതിയുണ്ടാക്കി പ്രതിഷേധം ശക്തമാക്കി. ഇവർ കഴിഞ്ഞദിവസം രാത്രി കൂട്ടപ്രാർഥന നടത്തി. കൂട്ടമരണ കുർബാന ചൊല്ലിയതിന്റെ ഏഴാം നാളായ ഞായറാഴ്ച രാവിലെ പ്രതിഷേധക്കാർ സംഘടിച്ച് പള്ളിക്ക് മുന്നിൽ മരിച്ചതിന്റെ ഏഴാംനാൾ ആഘോഷവും നടത്തി.
വലിയ ഫ്ലക്സ് ബോർഡിൽ പെന്തക്കുസ്ത നാളിൽ പൂമല ഇടവകക്കാർക്ക് കൂട്ടമരണ കുർബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങൾ എന്നെഴുതിയ ബോർഡ് പള്ളിക്ക് മുന്നിൽ സ്ഥാപിച്ചു. കറുപ്പ് ബാഡ്ജ് ധരിച്ചും താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമെത്തിയ വിശ്വാസികൾ ഞായറാഴ്ച പള്ളി പരിസരത്ത് പ്രതീകാത്മകമായി തങ്ങളുടെ ഏഴാംചരമദിന ചടങ്ങുകള്‍ നടത്തി.
സംഘർഷം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സഭ -വിശ്വാസ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വികാരിയുമായി യോജിക്കാനാവില്ലെന്നും കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ആർച്ച് ബിഷപ് അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.