തൃശൂർ പുത്തൻ കോൾ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് ശേഖരിച്ച നെല്ല് മഴയിൽ കുതിർന്നതിനെ തുടർന്ന് ടാർപോളിൻ ഷീറ്റിട്ട് മൂടുന്ന തൊഴിലാളികൾ
z ടി.എച്ച്. ജദീർ
തൃശൂർ: കടുത്ത വേനലിൽ പൊള്ളിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലും ജില്ലയിലെ വിവിധയിടങ്ങളിലും ശക്തമായ വേനൽമഴ ലഭിച്ചത്. നിർത്താതെ പെയ്ത മഴയിൽ നഗരം നന്നായി നനഞ്ഞു. എല്ലാവരും തണുത്തു. പക്ഷേ, അപ്പോഴും ഉള്ളിൽ തീയുമായി കഴിയുകയായിരുന്നു കർഷകർ. കൊയ്യാൻ പാകമായ നിരവധി പാടശേഖരങ്ങളാണ് അപ്രതീക്ഷിത മഴയിൽ മുങ്ങിപ്പോയത്.
പലയിടത്തും ഇപ്പോഴും വെള്ളക്കെട്ടാണ്. കൊയ്ത്ത് കാത്തുകിടന്ന പാടങ്ങളിൽ വെള്ളം കയറിയതിന് പുറമേ കൊയ്ത് കൂട്ടിയിട്ട നെല്ലുകളും പലയിടത്തും നനഞ്ഞുകുതിർന്നു. ഇവയൊക്കെ കിളിർക്കും എന്ന ഭയത്തിലാണ് കർഷകർ. അടാട്ട്, ആലപ്പാട്ട്, ചേർപ്പ്, ജൂബില പടവ്, പുള്ള്, മനക്കൊടി എന്നിങ്ങനെ ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലാണ് അപ്രതീക്ഷിതമായി എത്തിയ വേനൽമഴ നാശംവിതച്ചത്. ജില്ലയിലെ മിക്ക കോൾ പടവുകളിലും കൊയ്ത്ത് ഉത്സവം അരങ്ങേറുന്നതിനിടയിലാണ് മഴയെത്തിയത്.
കൊയ്യാൻ പാകമായി സ്വർണവർണത്തിൽ നിലംപറ്റിക്കിടന്ന കതിർകറ്റകൾ മഴയിൽ കുതിർന്നുകിടക്കുകയാണ്. പല കൃഷിയിടങ്ങളിലും കൊയ്ത്തുയന്ത്രം പോലും ഇറക്കാൻ കഴിയാത്ത അത്രക്കും വെള്ളം നിറഞ്ഞിട്ടുണ്ട്. കൊയ്ത് മലപോലെ പാടശേഖരങ്ങളിൽ തന്നെ കൂട്ടിയ നെല്ലും മഴയിൽ നനഞ്ഞു കുതിർന്നു.
അപ്രതീക്ഷിത മഴയിൽ പകച്ചുപോയ കർഷകരും പാടശേഖര സമിതികളും വലിയ പായകളും ടാർപോളിൻ ഷീറ്റുകളും ഉപയോഗിച്ച് കൊയ്തുകൂട്ടിയ നെല്ല് മറച്ചിട്ടുണ്ട്. ഇനിയും മഴ പെയ്താൽ ഇതെല്ലാം അവതാളത്തിലാകുമെന്നാണ് ഭയം. അരിമ്പൂർ, ചാലാടി കോൾപാടങ്ങളിൽ ഏകദേശം കൊയ്ത്ത് പൂർണമായതായി കർഷകർ പറയുന്നു. അവിടങ്ങളിൽനിന്നും നെല്ല് നീക്കിയിട്ടില്ല. അതൊക്കെയാണ് നനഞ്ഞത്.
അന്തിക്കാട് പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. തോട്ടുപുര കോൾപടവ്, വിളക്കുംകാൽ എന്നിവിടങ്ങളിൽ കൊയ്ത്ത് ആരംഭിക്കാനിരിക്കെയാണ് വേനൽമഴ എത്തിയത്. ഏകദേശം 400 ഏക്കറിന് മുകളിലാണ് ഇരു പാടശേഖരങ്ങളും ചേർന്നുള്ളത്. അടാട്ട് ഒമ്പതുമുറി പാടശേഖരത്തിൽ ഇക്കുറി 84 ഏക്കറിലാണ് കൃഷിയിറക്കിയത്.
ആദ്യം വിതച്ച വിത്തുകൾ മുളക്കാതായതിനെ തുടർന്ന് ഇവിടെ രണ്ടാമതും വിത നടത്തിയാണ് കൃഷി നടത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കൊയ്യാൻ തയാറെടുക്കുകയായിരുന്നു കർഷകർ. അതിനുള്ള സംവിധാനവും തയാറാക്കിയിരുന്നു. അതെല്ലാം അവതാളത്തിലായി. ഇനിയും വേനൽമഴ പെയ്യുമോ എന്ന കടുത്ത ആശങ്കയിലാണ് കർഷകരും പാടശേഖര സമിതികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.