ആമ്പല്ലൂര്‍: തൃക്കൂര് പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഭാഗികമായത് ജനത്തെ ദുരിതത്തിലാക്കുന്നു. അയ്യപ്പന്‍കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ട് മോട്ടോറുകളില്‍ ഒന്ന് പ്രവര്‍ത്തിപ്പിക്കാത്തതാണ് കുടിവെള്ള ക്ഷാമത്തിന് കാരണം. 60, 50 എച്ച്.പിയുടെ രണ്ട് മോട്ടോറുകളാണ് പദ്ധതിയുടെ പമ്പുഹൗസായ കുണ്ടനി കടവിലുണ്ടായിരുന്നത്.
ഇവിടെ 24 മണിക്കൂറും പമ്പിങ് നടന്നിരുന്നു. ഒരു മാസം മുമ്പാണ് ഇതിൽ 50 എച്ച്.പിയുടെ മോട്ടോര്‍ അഴിച്ചുവെച്ചത്. തകരാറൊന്നുമില്ലാത്ത മോട്ടോറാണ് അഴിച്ചുവെച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു മോട്ടോര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ചൂടാകുമ്പോള്‍ മണിക്കൂറുകൾ പമ്പിങ് നിര്‍ത്തുകയാണ്.
അയ്യപ്പന്‍കുന്ന് പദ്ധതിക്ക് 100 എച്ച്.പിയുടെ മോട്ടോര്‍ വാങ്ങുന്നതിന് ഒരുവര്‍ഷം മുമ്പ് പഞ്ചായത്ത് 20 ലക്ഷം കൈമാറിയിരുന്നു. മോട്ടോർ വാങ്ങാത്തതിനെ തുടർന്ന് ഡിസംബര്‍ ആദ്യവാരത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ പ്രതിഷേധം അറിയിച്ചിരുന്നു. ഡിസംബര്‍ 25നകം പുതിയ മോട്ടോര്‍ സ്ഥാപിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നതായി പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജലജീവന്‍ പദ്ധതിയുടെ 2000ഓളം പുതിയ കുടിവെള്ള കണക്ഷന് നല്‍കിയിട്ടുണ്ട്. പുതിയ മോട്ടോര്‍ സ്ഥാപിക്കാത്തതുമൂലവും ഉള്ള മോട്ടോറിലൊന്ന് പ്രവര്ത്തിപ്പിക്കാത്തതിനാലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പഞ്ചായത്തില്‍ അനുഭവപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് ജലവിഭവവകുപ്പ് മന്ത്രി, എം.എല്‍.എ എന്നിവര്‍ക്ക് കത്ത് നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.