കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിന്റെ വ്യാപാര സിരാകേന്ദ്രമായ കോടാലി ടൗണില്‍ രണ്ടാഴ്ചയിലേറെയായി കുടിവെള്ളമെത്തുന്നില്ലെന്ന് പരാതി. ഇതോടെ കോടാലി ആല്‍ത്തറ ജങ്ഷന് പടിഞ്ഞാറുള്ള കുടുംബങ്ങളും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ദുരിതത്തിലാണ്.
ആയിരം ലിറ്ററിന് നാനൂറു രൂപ നിരക്കില്‍ വെള്ളം വിലകൊടുത്തു വാങ്ങിയാണ് പല കുടുംബങ്ങളും വ്യാപാരികളും ഉപയോഗിക്കുന്നത്. അന്നാംപാടം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഈ ഭാഗത്തേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിയുടെ പമ്പ് ഹൗസിലുള്ള മോട്ടോര്‍ തകരാറിലായതോടെയാണ് കുടിവെള്ള വിതരണം അവതാളത്തിലായത്.
മോട്ടോര്‍ അറ്റകുറ്റപണി നടത്തി പുനഃസ്ഥാപിച്ച് പമ്പിങ് പുനരാരംഭിച്ചിട്ടും കോടാലി ടൗണിലേക്ക് വെള്ളം എത്തിയില്ല. വിതരണ പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് ഇതിന് കാരണം. ജല അതോറിറ്റിക്കു കീഴിലെ കരാറുകാര്‍ സമരത്തിലായതിനാല്‍ സമയബന്ധിതമായി പൈപ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നാണ് ആക്ഷേപം.
അന്നാംപാടം പമ്പ് ഹൗസില്‍ നിന്നുള്ള പ്രദാന പൈപ്പുലൈന്‍ കടന്നുപോകുന്ന വഴിയില്‍ റോഡിനു മീതെ കോണ്‍ക്രീറ്റ് ഇട്ടതും അറ്റകുറ്റപ്പണിക്ക് തടസ്സം സൃഷ്ടിക്കുന്നതായി പറയുന്നു. പമ്പ് ഹൗസില്‍ സ്പെയര്‍ മോട്ടോര്‍ ഇല്ലാത്തതിനാല്‍ മോട്ടര്‍ തകരാര്‍ ഉണ്ടാകുമ്പോഴെല്ലാം ദിവസങ്ങളോളം ശുദ്ധജല വിതരണം നിലക്കുന്നത് പതിവായിട്ടുണ്ട്.
വേനല്‍ക്കാലമായതോടെ വോള്‍ട്ടേജ് ക്ഷാമവും അടിക്കടിയുള്ള വൈദ്യുതി സ്തംഭനവും മൂലം അടിക്കടിയെന്നോണം മോട്ടോര്‍ കേടുവരുന്നുണ്ട്. അന്നാംപാടം പദ്ധതിക്കു പുറമെ കിഴക്കേ കോടാലിയിലുള്ള മറ്റത്തൂര്‍ ഗ്രാമീണശുദ്ധജല വിതരണ പദ്ധതിയുടേയും ആറ്റപ്പിള്ളിയിലുള്ള കാവനാട് ശുദ്ധജല വിതരണ പദ്ധതിയയുടയും പമ്പ് ഹൗസുകളില്‍ സ്പെയര്‍ മോട്ടോറുകള്‍ ഇല്ല.
മൂന്നു പദ്ധതികള്‍ക്കുമായി ഒരു കരുതല്‍ മോട്ടോര്‍ ലഭ്യമാക്കിയാല്‍ മോട്ടോര്‍ തകരാറുമൂലം ജലവിതരണം തടസപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് നിർദേശമുയരുന്നത്.
കോടാലിയില്‍ ജലവിതരണം തടസ്സപ്പെട്ടിട്ട് ആഴ്ചകളായിട്ടും പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ ദുരിത പരിഹാരിക്കാന്‍ എത്രയും വേഗം നടപടി വേണമെന്ന് കോടാലിയിലെ പൊതുപ്രവര്‍ത്തകനായ വി.കെ. കാസിം അധികൃതരോടാവശ്യപ്പെട്ടു.
മാള: കരിങ്ങോൾച്ചിറ-പുത്തൻചിറ പൊതുമരാമത്ത് റോഡിൽ രണ്ടിടത്തായി പൈപ്പ് തകർന്ന് കുടിവെള്ള വിതരണം നിലച്ചു. വൈന്തല പമ്പിങ് കേന്ദ്രത്തിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈൻ ആണ് തകർന്നത്. ഇതോടെ കൊടുങ്ങല്ലൂരിലേക്കുള്ള കുടിവെള്ളം വിതരണം മുടങ്ങി. രാത്രിയിലാണ് സംഭവം. നേരത്തേ ഇവിടെ പൈപ്പ് തകർന്ന് റോഡ് കട്ട വിരിച്ച് കെട്ടിയ ഭാഗം ഇതിനിടെ വീണ്ടും തകർത്തു. പുനർനിർമാണത്തിനിടയിൽ 50 മീറ്ററിനുള്ളിൽ മറ്റൊരിടത്ത് പൈപ്പ് തകർന്നിട്ടുണ്ട്.
റോഡിന് ഒരു വശം എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ച് വെള്ളം മോട്ടോർ ഉപയോഗിച്ച് ഒഴുക്കി വിട്ടു. വെള്ളം വറ്റിയാൽ മാത്രമാണ് പൈപ്പ് തകർച്ച ഒഴിവാക്കാനാവൂ.
ഒഴുക്കിവിടുന്ന വെള്ളത്തിന്റെ സമർദം താങ്ങാനാവാത്തതാണ് തകർച്ചക്ക് കാരണമെന്ന് പറയുന്നു. വേണ്ടത്ര പഠനം നടത്തണമെന്നും ആവശ്യമായ വാൽവുകൾ സ്ഥാപിക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.