തൃശൂർ: കേരളത്തിന്റെ ചാരുതയാർന്ന പ്രകൃതി സൗന്ദര്യം ആകാശക്കാഴ്ചയിലൂടെ ഒപ്പിയെടുത്തപ്പോൾ അപൂർവ ദൃശ്യവിരുന്നായി. തൃശൂർ ലളിതകല അക്കാദമിയിലെ എക്സിബിഷന് ഹാളില്‍ ആരംഭിച്ച തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ വി.എം. ജയകൃഷ്ണന്റെ ഡ്രോണ്‍ കാമറ ഫോട്ടോ പ്രദര്‍ശനമാണ് വേറിട്ട കാഴ്ച ഒരുക്കുന്നത്. മൂന്നാർ മലനിരകളിലെ പച്ചപ്പട്ടുപോലെ കിടക്കുന്ന തേയിലത്തോട്ടങ്ങളും കൊളുന്ത് നുള്ളുന്ന സ്ത്രീകളും ഇതിനിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുമെല്ലാം ഒറ്റ ഫ്രെയിമിൽ ഒതുങ്ങുമ്പോൾ ആകാശത്തുനിന്നുള്ള കാഴ്ച വിവരിക്കാൻ കഴിയുന്നതിലുമേറെ സുന്ദരമാണ്. കുട്ടനാടൻ ജീവിതവും ഗ്രാമീണ ഭംഗിയും കടലും കരയും അതിരിടുന്ന ഭാഗത്തെ നിർമിതികളുമെല്ലാം പല ഫ്രെയിമുകളിലായി കടന്നുവരുന്നു. തൃശൂരിലെ കോൾപാടങ്ങളും കാർഷിക മേഖലയുമെല്ലാം ഫോട്ടോകളായിട്ടുണ്ട്. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളരുന്ന ജഡായുപ്പാറയുടെ നാല് ഫോട്ടോകളും പ്രദർശനത്തിനുണ്ട്. ഇവിടത്തെ നിർമിതികളുടെ സൗന്ദര്യം മനസ്സിലാക്കിത്തരുന്നവയാണ് ഈ ചിത്രങ്ങൾ.
കേരള ലളിതകല അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശനം റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ സ്വന്തം താൽപര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന അസിസ്റ്റന്റ് കലക്ടറെ മന്ത്രി അഭിനന്ദിച്ചു. ജഡായുപ്പാറയുടെ ചിത്രം മന്ത്രിക്കും കലക്ടർക്കും ജയകൃഷ്ണൻ സമ്മാനിച്ചു. കലക്ടര്‍ വി.ആർ. കൃഷ്ണതേജ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, ലളിതകല അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളി കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പകര്‍ത്തിയ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഐ.എ.എസ് പരിശീലനത്തിന്റെ ഭാഗമായുള്ള കേരള ദര്ശന് പര്യടന വേളയിലാണ് ഇവയിലേറെയും പകര്‍ത്തിയത്.
ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും ഹോബിയായി കൊണ്ടുനടക്കുന്ന തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണന് എടുത്ത ജഡായുപ്പാറയുടെയും കോള്‍ പാടങ്ങളുടെയും മറ്റു ടൂറിസം കേന്ദ്രങ്ങളുടെയും ചിത്രങ്ങള്‍ ഇതിനകംതന്നെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയുടെയും കേന്ദ്ര ടൂറിസം വകുപ്പിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഉള്‍പ്പെടെ വെബ് പേജുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഇവ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. ജൂൺ 21 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.