തൃശൂർ: അലഞ്ഞു തിരിയുന്ന കാലികൾക്ക് പിന്നാലെ നഗരത്തിൽ നിറയുന്ന ഫ്ലക്സ് ബോർഡുകളും അപകടക്കെണിയാവുന്നു. വാഹന-കാൽനട യാത്രികരുടെ ശ്രദ്ധയെ ആകർഷിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കുന്ന ഭീമൻ ബോർഡുകൾ അടക്കം ഭീകര പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
വാഹന യാത്രികരുടെ കാഴ്ചയെ മറച്ചും കാൽനട യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കാൽനടപാതകൾ കൈയേറിയും ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം പ്രവണതകൾ ഏറുന്നതിന് കാരണം.
വൃശ്ചികക്കാറ്റ് ശക്തമായതോടെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ അപകടം വരുത്തിവെക്കുന്ന സാഹചര്യവും ഏറുകയാണ്.
ശബ്ദരഹിത സ്വരാജ്റൗണ്ടിനായി പണിയെടുക്കുന്ന പൊലീസ് അടക്കം റൗണ്ടിന് ചുറ്റിലെ ഭീമൻ പരസ്യ ബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. വമ്പൻ കെട്ടിടങ്ങൾക്ക് മുകളിലെ ഭീമാകാരമായ ബോർഡുകൾ കാറ്റിെൻറ പശ്ചാത്തലത്തിൽ വലിയ പ്രശ്മാണ് സൃഷ്ടിക്കുന്നത്. പാതയോരങ്ങളിൽ ഇവ സഥാപിക്കരുതെന്ന് നേരത്തെ ഹൈകോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇടക്കിടെ ഇത്തരം ബോർഡുകൾ കോർപറേഷൻ അധികാരികൾ എടുത്തുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങളായി ഇത്തരം നടപടികൾ ഇല്ലാത്തതിനാൽ നഗരത്തിൽ കുമിഞ്ഞു കൂടുകയാണ് ഇവ.
കാൽനട പാതകളിലെ സ്ഥലം അപഹരിച്ച് പോലും പലയിടത്തും ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. കോർപറേഷൻ പരിപാടികൾ വരെ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
നെഹ്റു പാർക്ക് തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ നടുവിലാൽ കാൽനടപാതയോട് ചേർന്ന് സ്ഥാപിച്ച ബോർഡ് ചടങ്ങ് നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും നീക്കം ചെയ്തിട്ടില്ല. ഒരാഴ്ചക്ക് മുമ്പ് പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലെക്സും നഗര നിരത്തുകളിലുണ്ട്. ഡോ. എ.ആർ. മേനോൻ റോഡിലെ ഈ ബോർഡിപ്പോൾ അപകടകരമാം വിധമാണ് നിലകൊള്ളുന്നത്. കോർപറേഷൻ പരിധിയിലെ ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പരിപാടി കഴിഞ്ഞാൽ ഫ്ലക്സുകൾ പിറ്റേദിവസം തന്നെ മാറ്റണമെന്നും മേയർ എം.കെ. വർഗീസ് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഇവ പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.