തൃശൂർ: ജില്ലയിലെ കോൺഗ്രസിന് പ്രതീക്ഷ പകർന്ന് പുതിയ ഡി.സി.സി പ്രസിഡൻറായി ജോസ് വള്ളൂർ ശനിയാഴ്ച ചുമതലയേൽക്കും. രാവിലെ 10ന് ഡി.സി.സിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് അമർഷവും അതൃപ്തിയുമുണ്ടെങ്കിലും ആരും പരസ്യ പ്രതികരണത്തിനിറങ്ങിയിട്ടില്ല. ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുക്കാനും ജോസുമായി സഹകരിച്ച് പോകാനുമാണ് ഐ ഗ്രൂപ് തീരുമാനം. രമേശ് ചെന്നിത്തല ഇക്കാര്യം നേതാക്കളെ അറിയിച്ചു. കെ. സുധാകരൻ പക്ഷത്താണെങ്കിലും ഐ ഗ്രൂപ്പുകാരനാണെന്നതാണ് ജോസ് വള്ളൂരിനൊപ്പം നിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
അതേസമയം എ ഗ്രൂപ്പിലെ യുവതലമുറ ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളാവട്ടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത്. കോവിഡ് സാഹചര്യമാണ് ഇതിന് ന്യായീകരണമായി പലരും പറയുന്നത്. ഗ്രൂപ്പുകളെ മാത്രമല്ല, തങ്ങളിൽനിന്ന് അഭിപ്രായം പോലും ചോദിക്കാതെ പൂർണമായി അവഗണിച്ചെന്ന അമർഷവും അതൃപ്തിയും മുതിർന്ന നേതാക്കൾക്കുണ്ട്. ജോസ് വള്ളൂരിെൻറ വരവോടെ ജില്ലയിലെ കോൺഗ്രസിന് യുവത്വം വരുമ്പോൾ മുതിർന്നവർ പാടെ ഒഴിവാക്കപ്പെടുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. അതേസമയം, എല്ലാവരെയും കൂടെനിർത്തി പോവാനാണ് ജോസ് വള്ളൂരിെൻറ തീരുമാനം. നിയമന പ്രഖ്യാപനമുണ്ടായ അന്ന് രാത്രി തന്നെ ജോസ് എല്ലാ നേതാക്കളെയും കെ.എസ്.യുവിലെയടക്കമുള്ള പ്രധാന പ്രവർത്തകരെയും ഫോണിൽ വിളിച്ചിരുന്നു. മുതിർന്ന നേതാക്കളെ വീടുകളിൽ നേരിട്ടെത്തിയാണ് പിന്തുണ േതടിയത്. പൗരപ്രമുഖരെയും സാമുദായിക നേതാക്കളെയും വ്യവസായ പ്രമുഖരെയുമടക്കം ഇതിനകം സന്ദർശിച്ചു.
മുതിർന്ന നേതാവായ തേറമ്പിൽ രാമകൃഷ്ണൻ ഗ്രൂപ്പുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് വന്നതോടെ ഗ്രൂപ്പുകളിലെ മുതിർന്നവരും മൗനത്തിലാണ്. എന്നാൽ, ഗ്രൂപ്പിനപ്പുറം തകർന്ന് കിടക്കുന്ന ജില്ലയിലെ പാർട്ടിക്ക് പുതിയ ഊർജം പകരാനാവും ജോസിനെന്ന് പ്രതീക്ഷിക്കുകയാണ് യുവതലമുറ നേതാക്കളും പ്രവർത്തകരും.
പ്രതിഷേധങ്ങൾ പാർട്ടിയെ തകർക്കുന്ന രീതിയിലേക്ക് വളർത്തരുത് -കെ.പി. വിശ്വനാഥൻ
തൃശൂർ: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി മുൻ മന്ത്രിയും മുതിർന്ന എ ഗ്രൂപ് നേതാവുമായ കെ.പി. വിശ്വനാഥൻ. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ പാർട്ടിയെ തകർക്കുന്ന രീതിയിലേക്ക് വളർത്തരുതെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിൽ മുതിർന്ന നേതാവ് എ.കെ. ആൻറണി ഇടപെടണം. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.