തൃശൂർ: ഭാരതത്തിലെ കൽദായ സഭയുടെ ആസ്ഥാനമായ തൃശൂരിലെ ആദ്യ പള്ളി കൂടിയായ മാർത്ത് മറിയം വലിയപള്ളിയുടെ മദ്ബഹയിൽ കാലം ചരിത്രം കുറിച്ചു. തൃശൂരിന്റെ മകൻ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെടുമ്പോൾ മതസാഹോദര്യത്തിന്റെ അടയാളപ്പെടുത്തലുകളായി പൂരവും പെരുന്നാളുകളും കൂട്ടായ്മകളും മനസ്സ് ചേർക്കുന്ന തൃശൂരിനും പുണ്യദിനമായിരുന്നു.
മാർ ഔഗിൻ കുര്യാക്കോസിന്റെ മെത്രാഭിഷേകം സഭയുടെ രണ്ടായിരം വർഷത്തിന്റെ പാരമ്പര്യത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ചടങ്ങെന്ന ചരിത്രം പിറക്കുകയായിരുന്നു തൃശൂരിൽ. ഇന്ത്യയിൽ കാലംചെയ്ത പൂർവികരായ മാർ ഔദീശോ, മാർ അബിമലേക്ക് തിമൊഥെയൂസ്, മാർ തോമ ധർമ്മോ, മാർ തിമൊഥെയൂസ് രണ്ടാമൻ, മാർ പൗലോസ് മാർ പൗലോസ് എന്നിവരുടെ ഓർമകൾ കുടികൊള്ളുന്ന മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേക്ക് സഭവിശ്വാസികളും തൃശൂരിന്റെ മതസാഹോദര്യ മനസ്സുകളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രാതിനിധ്യങ്ങളുമായി ആയിരങ്ങളാണ് എത്തിയത്.
കാതോലിക്കോസ് പാത്രിയർക്കീസിനോടൊപ്പം വിവിധ രാഷ്ട്രങ്ങളിലെ സഭ ഭദ്രാസന മേലധ്യക്ഷന്മാരുടെയും സാന്നിധ്യം ആഗോളതലത്തിലാണ് തൃശൂരിനെ അടയാളപ്പെടുത്തിയത്. തൃശൂരിന്റെ വികസന ശിൽപി ശക്തൻ തമ്പുരാൻ വ്യാപാരം പ്രോത്സാഹിപ്പിക്കാൻ 52 ക്രൈസ്തവ കുടുംബങ്ങളെ എത്തിച്ചതാണ് പൗരസ്ത്യസഭയുടെ തൃശൂരിലെ വളർച്ചക്ക് കരുത്തായത്. 1814ൽ കൊച്ചി രാജാവ് നിർമിച്ചുനൽകിയ പള്ളിയാണ് ഹൈറോഡിലെ മാർത്ത് മറിയം വലിയ പള്ളി.
തൃശൂർ മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹാ പള്ളി ഇടവകയിലെ വെള്ളാനിക്കോട് പച്ചാംപറമ്പിൽ പൗലോസിന്റെയും അച്ചാമ്മയുടെ രണ്ടാമത്തെ മകനായ ഷാജു പൗലോസാണ് മാർ ഔഗിൻ കുര്യാക്കോസ് ആയത്. 1996ൽ ശെമ്മാശപട്ടം സ്വീകരിച്ച് ദൈവശാസ്ത്ര പഠനത്തിനായി മദ്രാസിലെ ഗുരുഗുൽ ലതറൻ തിയോളജിക്കൽ കോളജിലെത്തി. കൽക്കത്ത സെറാമ്പൂർ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്ര ബിരുദം നേടി.
2004ൽ ന്യൂസിലൻഡിലെ ഓക്ലാന്റ് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി പഠനം തുടരവെ 2010ൽ ഇന്ത്യയിൽ ചേർന്ന ആഗോള സുനഹദോസിന്റെ തീരുമാനം അനുസരിച്ച് അപ്പിസ്കോപ്പ പദവിയിലെത്തി. മാർ അപ്രേം മെത്രാപ്പോലീത്തയുടെ സഹായമെത്രാനായിരിക്കെ, ആവ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസിന്റെ അധ്യക്ഷതയിൽ ചേർന്ന സുനഹദോസിൽ മെത്രാപ്പോലീത്തയാക്കാൻ തീരുമാനിക്കുകയായിരുന്നു.
തൃശൂർ: ഭാരതസഭയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തലായി ഒരു മെത്രാഭിഷേകം തൃശൂരിൽ നടക്കുമ്പോൾ അതിന് നിയോഗമൊരുക്കിയതും അഭിഷിക്ത ചടങ്ങുകളിലെ കാർമികനായും നിറഞ്ഞുനിന്ന് മാർ അപ്രേം മെത്രാപ്പൊലീത്ത. തൃശൂരിന്റെ പിതാവായി സ്നേഹപൂർവം എല്ലാവരും വിളിക്കുകയും കാണുകയും ചെയ്യുന്ന മാർ അപ്രേം മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് മാർ ഔഗിൻ കുര്യാക്കോസ് ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും ചുമതലയുള്ള മെത്രാപ്പൊലീത്തയായി അഭിഷിക്തനാവുന്നത്. മാർ അപ്രേം മെത്രാപ്പൊലീത്തയും മാർ ഔഗിനും തൃശൂർക്കാരാണെന്നതും ആ നേട്ടത്തിലെ തിളക്കമുള്ള കണ്ണികളാണ്.
54 വർഷം സഭയെ നയിച്ച മെത്രാപ്പൊലീത്ത പദവിയിൽ നിന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് സ്ഥാനമൊഴിയുകയാണ് മാർ അപ്രേം. 28ാം വയസ്സിൽ മെത്രാൻ പദവിയിലും അതിന് എട്ടാം നാൾ മെത്രാപ്പൊലീത്തയായുമുള്ള റെക്കോഡ് ചരിത്രമാണ് മാർ അപ്രേമിന്റേത്. സാമൂഹിക - സാംസ്കാരിക വേദികളിലെല്ലാം നിറസാന്നിധ്യമാണ്. ഓരോ ജന്മദിനത്തിലും ഓരോ പുസ്തകങ്ങൾ പുറത്തിറക്കുക തിരുമേനിയുടെ ശീലമായിരുന്നു.
പ്രായം 82ലെത്തിയപ്പോൾ 82ാം പുസ്തക രചനയിലാണ്. അതാകട്ടെ തന്റെ യാത്രകളെക്കുറിച്ചുള്ളതാണ്. നിരവധി ഗാനങ്ങൾ രചിച്ച അപ്രേമിന്റെ ‘കാൽവരി ക്രൂശിൽ നോക്കി ഞാൻ’ എന്ന ഗാനം 101 ഭാഷകളിൽ വിവർത്തനം ചെയ്തു. ശ്രീനാരായണ ഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് മാർ അപ്രേം ആണ്.
എട്ട് ഭാഷകൾ ഹൃദിസ്ഥമാണ്. യേശുക്രിസ്തു സംസാരിച്ചിരുന്ന ‘അരാമായ’ അറിയുന്ന തൃശൂരിലെ ഏക മെത്രാപ്പോലീത്തയാണ്. 2015ൽ മാറൻ മാർ ദിൻഹ നാലാമൻ പാത്രിയർക്കീസ് ബാവയുടെ നിര്യാണത്തെത്തുടർന്ന് അടുത്ത പാത്രിയർക്കീസ് തെരഞ്ഞെടുക്കുന്ന ആറ് മാസത്തോളം ആഗോള സഭയെ നയിക്കാനും ഭാഗ്യം ലഭിച്ചു. ആഗോള സഭയുടെ പാത്രിയര്‍ക്കീസ് പ്രതിനിധിയായി വത്തിക്കാനില്‍ പോപ്പുമായി സംസാരിച്ചിട്ടുണ്ട്.
സഭയുടെ പരമാധ്യക്ഷൻ മാറൻ മാർ ഗീവർഗീസ് തൃതീയൻ സ്ലീവാ പാത്രിയർക്കീസ് ബാവയെ സ്ഥാനാരോഹണത്തിന്റെ മുഖ്യകാർമികത്വം വഹിച്ചതും അപ്രേം ആണ്. ചരിത്രാന്വേഷകനെന്ന നിലയില്‍ പല പ്രമുഖരായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 54 വർഷം വീടായി കഴിഞ്ഞ ഹൈറോഡിലെ വലിയപള്ളിയോട് ചേർന്ന അരമനയിൽ തന്നെയാണ് തിരുമേനിയുടെ വിശ്രമകാലവും.
തൃശൂർ: ആത്മഹത്യ നിരക്കുയരുന്ന അപകടകരമായ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുവെന്നും സമൂഹത്തെ തിരികെ കൊണ്ടുവരാൻ ആത്മീയ മേഖലയിലുള്ളവർ ഇടപെടേണ്ട കാലമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
കൽദായ സുറിയാനി സഭയുടെ ചരിത്രം കേരള സമൂഹത്തിന് പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസിന് നൽകിയ പൗരസ്വീകരണവും മാർ ഔഗിൻ കുര്യാക്കോസിന്റെ മെത്രാപ്പോലീത്ത അഭിഷേകത്തിന്റെ പൊതുസമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആർച്ച് ബിഷപ് ഡോ. മാർ അപ്രേം അധ്യക്ഷത വഹിച്ചു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച മാർ അപ്രേമിനും പുതിയ മെത്രാപ്പോലീത്തക്കും പാത്രിയർക്കൽ കുരിശ് നൽകി ആദരിച്ചു.
മന്ത്രി കെ. രാധാകൃഷ്ണൻ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡോ. മാത്യുസ് മാർ അന്തീമോസ്, സിറിൽ മാർ ബസേലിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, മാർ അപ്രേം അഥാനിയൽ, മേയർ എം.കെ. വർഗീസ്, ഏലിയാമ്മ റോയ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ്കുമാർ, മേയർ എം.കെ. വർഗീസ്, കൽദായ സഭ കേന്ദ്രകമ്മിറ്റി ചെയർമാൻ എ.എം. ആന്റണി, ക്ലെർജി കൗൺസിൽ സെക്രട്ടറി കെ.ആർ. ഈനാശു, ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.