തൃശൂർ: നവകേരള നിർമാണ കാഴ്ചപ്പാടുള്ള ബജറ്റിൽ സാംസ്കാരിക ജില്ലക്ക് കേരള മ്യൂസിയം (കേരള സ്റ്റേറ്റ് മ്യൂസിയം). ജില്ലയിലെ രണ്ടു പദ്ധതികൾ ബജറ്റ് മാതൃകയാക്കിയപ്പോൾ ഐ.ടി ഇടനാഴിയും ഹൈടെക് വ്യവസായ ഇടനാഴിയുമൊക്കെയായി ന്യൂജൻ പദ്ധതികളും ജില്ല പങ്കിടും. ആരോഗ്യ, കാർഷിക, വെറ്ററിനറി സർവകലാശാലകൾക്കും കിലക്കും സഹായവുമുണ്ട്. സയന്‍സ് പാര്‍ക്കുകൾ, ജില്ല സ്കില്‍ പാര്‍ക്കുകള്‍ അടക്കം പുതുതലമുറ സൗഹൃദ സംരംഭങ്ങളും പ്രതീക്ഷകളാണ്. കാർഷിക മൂല്യവർധിത ഉൽപന്ന നിർമിതിയും പരമ്പരാഗത തൊഴിൽ മേഖല പരിപോഷണവും തീരസംരക്ഷണവും കോള്‍ നിലങ്ങളിലെ ജലകൈകാര്യ പദ്ധതിയും ജില്ലക്ക് അനുകൂലമാണ്.
അതേസമയം ജില്ലയുടെ പശ്ചാത്തല വികസനത്തിന് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ല. അഴീക്കോട് - മുനമ്പം പാലം, പുത്തൂർ സുവോളജിക്കൽ പാർക്ക്, ഗുരുവായൂർ റെയിൽവേ മേൽപാലം അടക്കം മേൽപാലങ്ങൾ തുടങ്ങി വികസനകാര്യങ്ങളിൽ ബജറ്റ് മൗനം പാലിച്ചു. ലൈഫ് മിഷനിൽ 1.06 ലക്ഷം വീടും 2950 ഫ്ലാറ്റും പ്രഖ്യാപിച്ചെങ്കിലും വടക്കാഞ്ചേരിയിലെ റെഡ്ക്രസന്‍റിന്‍റെ ഫ്ലാറ്റിനെ കുറിച്ച് ഒരക്ഷരം മണ്ടിയിട്ടില്ല. മൂന്നു മന്ത്രിമാരും 13ൽ ഒന്നൊഴികെ 12 മണ്ഡലങ്ങളും സർക്കാർ പക്ഷത്തായിട്ടും അതിന് അനുസൃതമായ വികസന പദ്ധതികൾ ജില്ലക്ക് ലഭിക്കാത്തതിൽ ജനം നിരാശരാണ്.
കേരളത്തിന്‍റെ തനത് കലാരൂപങ്ങളും സാംസ്കാരിക വളർച്ചയുടെ വികാസ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന കേരള മ്യൂസിയമാണ് ബജറ്റിൽ ജില്ലക്ക് ലഭിച്ച പ്രധാന പദ്ധതി. സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്‍റെ പ്രാരംഭ ചെലവിനായി ബജറ്റിൽ 30 ലക്ഷം അനുവദിച്ചു. പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പുകളുടെ കീഴിൽ നിരവധി മ്യൂസിയങ്ങളുണ്ടെങ്കിലും കേരളത്തിന്‍റെ തനത് കലാരൂപങ്ങളും സാംസ്കാരിക വളർച്ചയും രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും ഒരു മ്യൂസിയം കേരളത്തിൽ നിലവിലില്ല എന്ന പരാതി വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ഇത് പരിഗണിച്ച് വിനോദം, വിദ്യാഭ്യാസം, ഗവേഷണം എന്നിവക്ക് മുൻഗണന നൽകിയാണ് മ്യൂസിയം ഒരുക്കുന്നത്.
5ജി ലീഡർഷിപ്പ് പാക്കേജ് ആദ്യം അവതരിപ്പിക്കുന്ന എറണാകുളം - കൊരട്ടി വിപുലീകൃത ഐ.ടി ഇടനാഴി ജില്ലയുടെ പ്രധാന പ്രതീക്ഷയാണ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്, എൻ.എച്ച് 66ൽ നിന്ന് സുഗമമായി എത്തിച്ചേരാവുന്ന നിർദിഷ്ട ഇടനാഴികളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ 15-25 ഏക്കർ ഭൂമി പൊന്നും വിലയ്ക്ക് വാങ്ങി സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ സ്ഥാപിക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയില്‍ 50,000 മുതല്‍ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 ചെറിയ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ ഫോൺ കണക്ടിവിറ്റി ലഭ്യമാക്കും. 5ജി ലീഡര്‍ഷിപ് പാക്കേജ് വഴി ഒരുക്കുന്ന എല്ലാ സൗകര്യങ്ങളും ഈ ഇടനാഴിയിൽ ആദ്യം ലഭ്യമാക്കും.
കൊച്ചി - പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നീ രണ്ട് വ്യവസായ ശൃംഖലകളിലായി 10,000 കോടി രൂപയുടെ നിക്ഷേപം ജില്ലക്കും അനുഗുണമാണ്. 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകുമെന്നുമാണ് കരുതുന്നത്. ഈ പദ്ധതിക്ക് ആവശ്യമായ 2000 ഏക്കർ ഭൂമിയിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും നിർവഹിക്കും.
നോളജ് ഇക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാർക്കുകളാണ് ജില്ല കാതോർക്കുന്നത്. ഈ പാർക്കുകളില്‍ ഭാവി സംരംഭകർക്ക് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വർഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും.
140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സ്കില്‍ കോഴ്സുകള്‍ ആരംഭിക്കും. 1000 കോടി ചെലവില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിൽ മുന്നിലുള്ള തൃശൂരിനും പ്രതീക്ഷയുണ്ട്. 50,000 മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാർക്കുകള്‍. 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പെടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള 'വർക്ക് നിയര്‍ ഹോം' പദ്ധതികളും.
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജം സോളാര്‍ ഗ്രാമം പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ ധനമന്ത്രിയുടെ പ്രശംസ. പെരിഞ്ഞനം പഞ്ചായത്തിനെ മാതൃകയാക്കി മറ്റു ജില്ലകളിലെ പഞ്ചായത്തുകളിലും സോളാര്‍ ഗ്രാമം പദ്ധതി നടപ്പാക്കാന്‍ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ ആഹ്വാനം ചെയ്തു.
പെരിഞ്ഞനം മാതൃകയാക്കി സംസ്ഥാനത്തെ വീടുകളില്‍ സൗരോർജ പാനലുകള്‍ സ്ഥാപിക്കാന്‍ പലിശയിളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിനുതന്നെ മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പഞ്ചായത്തിന്‍റെ സ്വന്തം പദ്ധതിയാണ് 'പെരിഞ്ഞനോര്‍ജം'. പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ.കെ. സച്ചിത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നേതൃത്വത്തില്‍, ഊര്‍ജ സംരക്ഷണ മേഖലയില്‍ നടപ്പാക്കിയ പ്രധാന പദ്ധതിയാണ് പെരിഞ്ഞനോര്‍ജം പുരപ്പുറ സോളാര്‍ വൈദ്യുതി പദ്ധതി.
പദ്ധതിയിലൂടെ 700 കിലോവാട്ട് പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി പെരിഞ്ഞനം മാറി. പഞ്ചായത്ത് പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് കെ.എസ്.ഇ.ബി പ്രവര്‍ത്തിച്ചത്. വീടുകളുടെ മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതി കെ.എസ്.ഇ.ബി കോമണ്‍പൂളിലേക്ക് ഗ്രിഡ് ചെയ്ത് വീടുകളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ആനുപാതികമായ തുക ഉപഭോക്താക്കള്‍ക്ക് നല്‍കും. 3.25 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. ഇതില്‍ 97.50 ലക്ഷം രൂപ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സബ്‌സിഡി ലഭ്യമാക്കി.
പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം ഗവ. യു.പി സ്കൂള്‍ ഹാളിന്‍റെ മേല്‍ക്കൂരയില്‍ സൗജന്യമായി 9.5 കിലോവാട്ട് സൗരോർജ പ്ലാന്‍റ് സ്ഥാപിച്ചു. പ്ലാന്‍റില്‍നിന്ന് പ്രസരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പെരിഞ്ഞനത്തെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്ന എല്‍.ഇ.ഡി ഗ്രാമം പദ്ധതിയും രണ്ടാം ഘട്ടമായി നടപ്പാക്കി. ഇതിന് ട്യൂബ് സെറ്റുകളും സി.എഫ് ബള്‍ബുകളും മാറ്റി എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. ഇതിലൂടെ 2019ലെ സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് പഞ്ചായത്തിന് ലഭിച്ചു. പെരിഞ്ഞനോര്‍ജം സോളാര്‍ ഉപഭോക്തൃ സമിതി പ്രവര്‍ത്തകര്‍, മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ടി.എം. മനോഹരന്‍, സംസ്ഥാന വൈദ്യുതി വകുപ്പ്, പെരിഞ്ഞനം സര്‍വിസ് സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
കേരളത്തിലെ സർവകലാശാല സെന്‍ററുകളോട് ചേർന്ന് ട്രാൻസ്ലേഷനൽ റിസർച്ച് സെന്‍ററുകൾ സ്ഥാപിക്കും. ഇവയിൽ സ്റ്റാർട്ട് അപ്, ഇൻകുബേഷൻ സെന്‍ററുകൾ സജ്ജമാക്കും. ഇതിനായി ജില്ലയിലെ ആരോഗ്യ, വെറ്ററിനറി, കാർഷിക സർവകലാശാലകൾക്ക് 20 കോടി രൂപവീതം ലഭിക്കും. സർവകലാശാല കാമ്പസുകളിൽ പുതിയ ഹ്രസ്വകാല കോഴ്‌സുകളും പി.ജി കോഴ്‌സുകൾ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികളും അനുവദിക്കും. അഞ്ചുവർഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ഓരോ യൂനിവേഴ്സിറ്റിയിലും മൂന്ന് പ്രോജക്ടുകൾ വീതം ഈ വർഷം അനുവദിക്കും. ഇതിനായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ജില്ലക്കും അനുഗുണമാണ്. നിലവിൽ അതിരപ്പിള്ളിയിൽ അടക്കം ആദിവാസി മേഖലകളിൽ ഇവയുണ്ട്. പട്ടിക വിഭാഗങ്ങളിൽ പെട്ടവരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇടങ്ങളില്‍ വാതിൽപ്പടി റേഷന്‍ കടകളും സജ്ജമാക്കുന്നതും തീര, മലയോര മേഖലകളിലെ ജനത്തിന് സഹായകമാവും.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) 2020 -21ൽ ആരംഭിച്ച വികേന്ദ്രീകരണം സർവേ പൂർത്തിയാക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കായി കിലക്ക് 33 കോടി രൂപ അനുവദിച്ചു. കിലയെ പരിസ്ഥിതി സൗഹൃദ സൗരോർജ കാമ്പസായി മാറ്റുകയും ചെയ്യും.
ആമ്പല്ലൂർ, വട്ടണാത്ര സഹകരണ ബാങ്കുകളുടെ കൺസോർട്ട്യം മഞ്ഞൾ കർഷകരെ സഹായിക്കാനായി നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമെന്ന് ബജറ്റ്. 2017 ജൂണിൽ കുർക്കുമിൻ കൂടുതലുള്ള 16 ടൺ പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾവിത്ത് നൽകി കൃഷിയിറക്കുകയാണ് ചെയ്തത്. 52 കർഷകർ 26 ഏക്കർ സ്ഥലത്ത് ആറുമാസത്തിനു ശേഷം 17 ഇരട്ടിയായി (272 ടൺ) മഞ്ഞൾ വിളവെടുത്തു. മഞ്ഞൾപ്പൊടിയായും മഞ്ഞൾ വിത്തായും അത് വിപണനം ചെയ്തു. ഏക്കർ ഒന്നിന് 60,000 മുതൽ 75,000 രൂപ വരെ ആദായം ലഭിക്കുന്ന സംരംഭമായി അത് മാറി.
ഈ ജനകീയ മാതൃക മറ്റിടങ്ങളിലേക്കും മറ്റ് ഉൽപന്നങ്ങളിലേക്കും വ്യാപിപ്പിക്കാൻ സഹകരണ ബാങ്കുകളെയും തദ്ദേശ സ്ഥാപനങ്ങളേയും കൂട്ടിയിണക്കി പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് ബജറ്റിലുള്ളത്.
ചക്കയില്‍നിന്ന് മൂല്യവർധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കി 12 കോടി രൂപയിലേറെ വിറ്റുവരവ് നേടിയ വിജയകഥകൾക്ക് തുടർച്ച ജില്ലക്ക് കൂടി പ്രതീക്ഷ നൽകുന്നതാണ്. കാര്‍ഷിക വിഭവങ്ങളില്‍നിന്ന് മൂല്യവർധിത ഉല്‍പന്നങ്ങളുണ്ടാക്കാന്‍ മൂല്യവർധിത കാര്‍ഷിക മിഷനുണ്ടാക്കാമെന്നത് കർഷകർക്ക് പ്രതീക്ഷയാണ്. മൂല്യവർധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിങ്, പരിശോധന സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ തനതായ ഉല്‍പന്നങ്ങള്‍ ഉൽപാദിപ്പിക്കാനും വിപണനം ചെയ്യാനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍, കാര്‍ഷിക മൂല്യവർധിത ഉല്‍പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിങ് കമ്പനി ഇതെല്ലാം പ്രതീക്ഷയാണ്.
വനാതിര്‍ത്തികളുടെയും വനപരിധിയിലെ പ്രദേശങ്ങളുടെയും അതിര്‍ത്തി തിരിക്കല്‍, വനവത്കരണ പ്രവര്‍ത്തനങ്ങള്‍, വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെയും വനത്തിന്‍റെയും സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കായി 26 കോടി രൂപ അനുവദിച്ചതും ജില്ലക്ക് ആശ്വാസമാണ്. അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ അടക്കം കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിൽ ഇത് വന സമീപവാസികൾക്ക് ഏറെ അനുഗ്രഹമാണ്. വനാതിര്‍ത്തിയിൽ മനുഷ്യര്‍ക്കും കൃഷിക്കും വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന ജീവഹാനി എന്നിവ പരിഹരിക്കാൻ ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്താൻ 25 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ ഏഴു കോടി രൂപ വകയിരുത്തിയിരിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ്.
സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് ആധുനിക വിവര വിനിമയ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി 75 ശതമാനം അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷക്കായി 5.50 കോടി രൂപ അനുവദിച്ചതും ആശ്വാസമാണ്. മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനുമൊക്കെ വിഹിതം വർധിപ്പിക്കുന്നതും അനുഗുണമാണ്.
കോള്‍നിലങ്ങളിലെ ജലവിഭവം കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്ത് വെള്ളപ്പൊക്കത്തില്‍നിന്ന് കോള്‍മേഖലയെ സംരക്ഷിക്കാനും നെല്ലുൽപാദനം വർധിപ്പിക്കാനുമായി 10 കോടി രൂപ വിലയിരുത്തി.
മാള: സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന് 274.68 കോടിയുടെ പദ്ധതികൾ. സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണത്തിന് 100 കോടി, അന്നമനട പാലിപ്പുഴ കടവ് സ്ലൂയിസ് കം ബ്രിഡ്ജിന് 55 കോടി, മാള വലിയപറമ്പിൽ വി.കെ. രാജൻ മെമ്മോറിയൽ സ്റ്റേഡിയം നിർമാണത്തിന് മൂന്ന് കോടി, മാള ടൗൺ വികസനത്തിന് (പോസ്റ്റ് ഓഫിസ് റോഡ് വീതികൂട്ടൽ) 10 കോടി, പുത്തൻചിറ നെയ്തകുടി സ്ലൂയിസ് റെഗുലേറ്റർ നിർമാണത്തിന് 10 കോടി, കൂഴുർ പൗൾട്രി ഫാമിലെ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തന സജ്ജമാക്കാൻ 18 കോടി എന്നിങ്ങനെ അനുവദിച്ചു.
വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ റെഗുലേറ്റർ സ്ലൂയിസുകളുടെ നിർമാണത്തിന് 15 കോടി, പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന് മൂന്ന് കോടി, പുത്തൻചിറ പഞ്ചായത്ത് മാണിയംകാവിൽ ഷോപ്പിങ് കോംപ്ലക്സ് കം ഓഫിസ് കെട്ടിട സമുച്ചയത്തിന് ഏഴ് കോടി, മാള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന് നാല് കോടി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ അഞ്ചുനില കെട്ടിടത്തിൽ സജ്ജീകരിക്കൽ അഞ്ച് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. കോണത്തുകുന്ന് -മാണിയംകാവ് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് കോടി, ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് ട്രാക്ക് സിന്തറ്റിക് ഗ്രൗണ്ട് കം മേജർ ഫുട്ബാൾ ഫീൽഡ് നിർമാണത്തിന് മൂന്ന് കോടി, പൊയ്യ അഡാക് ഫിഷ് ഫാമിൽ ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്ന് കോടി, കൊടുങ്ങല്ലൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മൂന്ന് കോടി, മാള -ചാലക്കുടി റോഡ്, കൂഴുർ -കുണ്ടൂർ റോഡ്, മാള -ചുങ്കം -കൊമ്പത്തുകടവ് റോഡ്, അന്നമനട -മൂഴിക്കുളം റോഡ്, പൊയ്യ മണലിക്കാട് -പൊയ്യക്കടവ്, എരയാംകുടി റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന് 19 കോടി, പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് 68 ലക്ഷം, ഐരാണിക്കുളം ഗവ. ഹൈസ്കൂൾ, കരൂപ്പടന്ന ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ തെക്കുംമുറി ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ വടക്കുംമുറി എൽ.പി സ്കൂൾ എന്നിവക്ക് കെട്ടിട നിർമാണത്തിന് ആറ് കോടി, മാള ഫയർ സ്റ്റേഷൻ നവീകരണത്തിന് ഒരു കോടി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക കേന്ദ്രത്തിന് നാല് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
ആമ്പല്ലൂര്‍: സംസ്ഥാന ബജറ്റില്‍ പുതുക്കാട് മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. 20 കോടിയുടെ രണ്ട് പദ്ധതികള്‍ക്ക് നാല് കോടി ബജറ്റില്‍ അനുവദിച്ചു. പുതുക്കാട് ആസ്ഥാനമായി സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കാൻ 10 കോടി ചെലവില്‍ നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന് രണ്ട് കോടിയും 10 കോടി ചെലവില്‍ നിര്‍മിക്കുന്ന പുതുക്കാട്-ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ നെല്ലായി-വല്ലക്കുന്ന് റോഡ് നവീകരണത്തിന് രണ്ട് കോടിയും വകയിരുത്തി.
വെള്ളാനിക്കോട്-കള്ളായി-വേപ്പൂര്‍ റോഡ്, വെണ്ടോര്‍-വട്ടണാത്ര-പൂക്കോട് റോഡ്, തൈക്കാട്ടുശ്ശേരി റോഡ്, മുളങ്ങ് റോഡ് എന്നിവയുടെ നവീകരണവും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്‌സ് സ്‌പേസ് പ്രോജക്ട് കെട്ടിടനിർമാണം, പറപ്പൂക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ നിർമാണം, നെന്മണിക്കര പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം, വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട്, പവലിയന്‍ നിർമാണം, മറ്റത്തൂര്‍ സി.എച്ച്.സിക്ക് പുതിയ കെട്ടിടം, തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പൂര്‍ത്തീകരണം, ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പൂര്‍ത്തീകരണം എന്നീ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെട്ടു.
ചാലക്കുടി: സംസ്ഥാന ബജറ്റിൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ ആറര കോടി രൂപയുടെ അടങ്കൽ പ്രവൃത്തികൾക്ക് അംഗീകാരം. വി.ആർ പുരം ഗവ. സ്കൂളിൽ പുതിയ ബ്ലോക്ക് നിർമാണത്തിന് രണ്ട് കോടി, ഹൈനാർക്കി മെമോറിയൽ റോഡ് നിർമാണം ബി.എം.ബി.സി രീതിയിൽ പൂർത്തിയാക്കാൻ രണ്ട് കോടി, കാടുകുറ്റി പഞ്ചായത്തിൽ പുഴയിൽ വൈന്തല പ്രോജക്ട് കടവ് മുതൽ സമ്പാളൂർ ഞരളക്കടവ് വരെ പുഴയോര സംരക്ഷണത്തിന് ഒന്നര കോടി എന്നിവയാണ് പ്രധാന പദ്ധതികൾ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കാൻ ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.