തൃശൂർ: യാത്രക്കാർ ദുരിതപർവം താണ്ടിയിരുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുഴിയടക്കൽ തിങ്കളാഴ്ച മുതൽ. വൻകുഴികൾ അടക്കലും വെള്ളക്കെട്ട് ഒഴിവാക്കലുമാണ് ആരംഭിക്കുന്നത്. പ്രവൃത്തികൾക്ക് 29 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുഴിയടക്കൽ പൂർത്തിയാകുന്നതോടെ മാസങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, മഴക്കാലത്ത് നടക്കുന്ന പണി എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. മലബാർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന പ്രധാന റോഡുകളിലൊന്നാണ് തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത. നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന്ന് സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന പാത തകർന്നിട്ട് മാസങ്ങളായി. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പതിവാണ്.
റോഡ് നന്നാക്കണമെന്ന ആവശ്യത്തിനുനേരെ അധികൃതർ കണ്ണടക്കുകയായിരുന്നു. ഒടുവിൽ നിയമസഭയിലും വിഷയമെത്തിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രിയാണ് കുഴികൾ അടക്കാൻ 29 ലക്ഷം രൂപ അനുവദിച്ച വിവരം അറിയിച്ചത്. പ്രീമൺസൂൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് സാങ്കേതികാനുമതിയും ഭരണാനുമതിയും നൽകിയിട്ടുള്ളത്.
റോഡിൽ കൂടുതൽ തകർച്ച നേരിടുന്ന പുറ്റേക്കര, കൈപ്പറമ്പ്, മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗം, പുഴയ്ക്കൽ, മുതുവറ മുതൽ അമലനഗർ വരെയുള്ള ഭാഗം, അക്കിക്കാവ് എന്നിവിടങ്ങളിലെ കുഴികളാണ് താൽക്കാലികമായി അടക്കുക.
തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയുടെ തകർച്ച തിരിച്ചറിഞ്ഞ് മഖ്യമന്ത്രിയും റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി. ശനിയാഴ്ച രാത്രിയാണ് കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡ് ഒഴിവാക്കിയത്. രാത്രി എട്ടരയോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വടക്കാഞ്ചേരി വഴി തൃശൂരിലേക്ക് പോയത്. സാധാരണ കുന്നംകളത്ത് നിന്ന് ചൂണ്ടൽ, കേച്ചേരി, പുഴയ്ക്കൽ വഴിയാണ് തൃശൂരിലേക്ക് യാത്ര ചെയ്യാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.