തൃശൂർ: ഏഴായിരത്തോളം കുരുന്നുപ്രതിഭകളുടെ കലാരവങ്ങൾക്ക് ഇന്ന് കേളികൊട്ട്. രാവിലെ വേദിയുണരുന്നതോടെ മൂന്ന് പകലുകൾ നഗരം കലോത്സവമയമാകും. തൃശൂർ വേദിയാകുന്ന 34ാമത് ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ഇനങ്ങൾ വ്യാഴാഴ്ച രാവിലെ 10നുതന്നെ ആരംഭിക്കും. പ്രധാന വേദിയായ ഹോളി ഫാമിലി സി.ജി.എച്ച്.എസിൽ ഭരതനാട്യത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. സംസ്കൃതം, അറബിക് കലോത്സവം എന്നിവയുൾപ്പെടെ 18 വേദികളിലും വ്യാഴാഴ്ച മത്സരങ്ങളുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനലിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. മത്സരഫലങ്ങളും തത്സമയം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് പ്രധാന വേദിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജില്ലയിലെ അധ്യാപകരും വിദ്യാർഥികളും ഒരുക്കുന്ന സംഗീത ഫ്യൂഷൻ ഉദ്ഘാടനത്തിന് മുന്നോടിയായി അരങ്ങേറും. ഉച്ചക്ക് മൂന്നിന് സ്കൂളിൽ സാംസ്കാരിക സദസ്സ് നടക്കും. കലോത്സവത്തിന്റെ സമാപനം ഒമ്പതിന് വൈകീട്ട് അഞ്ചിന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
തൃശൂർ: നിറച്ചാർത്ത് അകമ്പടിയായി ജില്ല സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം. രചന മത്സരങ്ങളിൽ വിഷയ വൈവിധ്യം കുരുന്നുകളുടെ കലാവാസനകളെ ഉണർത്തിയപ്പോൾ രചനകൾ ഒന്നിനോടൊന്ന് മികച്ചതായി. കടലോര ജീവിതം, ആഘോഷങ്ങൾ, കളികളിലേർപ്പെട്ട കുട്ടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാണ് ചിത്രരചനക്ക് വിഷയങ്ങളായത്. ഇതോടൊപ്പം രചന മത്സരങ്ങളും മികച്ചുനിന്നു.
പടിഞ്ഞാറെ കോട്ട സെന്റ് ആൻഡ് ജി.എച്ച്.എസ്.എസിലും എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായാണ് സ്റ്റേജ് ഇതര മത്സരങ്ങൾ നടന്നത്. രാവിലെ ഒമ്പതോടെ സെന്റ് ആൻസിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, ജലച്ചായം, ചിത്രരചന, കാർട്ടൂണ്, ഹയർ സെക്കൻഡറി കൊളാഷ്, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി മലയാളം കഥാരചന, കവിതരചന, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഇംഗ്ലീഷ് കഥാരചന, കവിതരചന, ഹിന്ദി കഥാരചന, കവിതരചന, ഉർദു കഥാരചന എന്നിവ നടന്നു. ഉച്ചക്ക് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മത്സരങ്ങൾ ആരംഭിച്ചു. നലരയോടെ ഓഫ്സ്റ്റേജ് മത്സരങ്ങളെല്ലാം പൂർത്തിയായി. സ്റ്റേജ് ഇന മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. നഗരത്തിലെ വിവിധ സ്കൂളുകളിലായി ഇനിയുള്ള മൂന്നു ദിവസങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
തൃശൂർ: കലോത്സവത്തിൽ മാറ്റുരക്കാനെത്തുന്ന ഏഴായിരത്തിലേറെ കുരുന്നു പ്രതിഭകൾക്കുള്ള ഭക്ഷണത്തിന് ഒരുക്കം പൂർണം. മോഡൽ ഗേൾസ് സ്കൂളിൽ ഒരുക്കിയ ഭക്ഷണപ്പന്തലിൽ ഭക്ഷണ കമ്മിറ്റി ചെയർമാനും തൃശൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.കെ. ഷാജൻ കലവറ നിറക്കലും പാലുകാച്ചലും ഉദ്ഘാടനവും നിർവഹിച്ചു. കൺവീനർ എൻ.കെ. രമേശൻ നേതൃത്വം നൽകി. അധ്യാപകർക്കും വിദ്യാർഥികൾക്കും മാർക്കിടുന്നവർക്കും ഉള്ള ഭക്ഷണം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യും. പ്രധാന വേദിയിലും മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും മീഡിയ റൂം ഉണ്ടാകും.
ലൈറ്റ് ആൻഡ് സൗണ്ട് ഔദ്യോഗിക സ്വിച്ച് ഓൺ കർമം ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവഹിച്ചു. പബ്ലിസിറ്റി മീഡിയ ഓഫിസുകൾ പൊതുമരാമത്ത് കമ്മിറ്റി അധ്യക്ഷ കരോളിൻ ജറീഷ് പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന് എത്തുന്ന വിദ്യാർഥികൾക്കുള്ള ഒരുക്കം പൂർത്തിയായെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി. ഷാജിമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.