തൃശൂർ: പതിഞ്ഞ താളത്തിൽ തുടങ്ങിയ കലാപൂരം രണ്ടാംദിനം കൊട്ടിക്കയറി. ആവേശതാളത്തിൽ കുരുന്നുകളും രക്ഷിതാക്കളും ആസ്വാദകവൃന്ദവും. നാടോടി ശീലുകളും സംഘനൃത്തത്തിന്റെ ചടുലചുവടുകളും കണ്ട് സദസ്സുകൾ തരിച്ചിരുന്നു. ചെണ്ടമേളവും തായമ്പകയും പഞ്ചവാദ്യവും തീർത്ത മേളരസം രണ്ടാംദിനത്തെ രസച്ചരടിൽ കോർത്തു. നാടൻപാട്ടും ലളിതഗാനവും ആസ്വാദക സദസ്സിനെ ഉണർത്തി. അറബി-സംസ്കൃത കലോത്സവങ്ങളിലും വേറിട്ട അവതരണങ്ങളുണ്ടായി. സ്റ്റേജ് ഇനങ്ങളുടെ രണ്ടാംദിനം ആസ്വാദകരും വേദികളെ സമ്പന്നമാക്കി. ഇന്നാണ് കൊട്ടിക്കലാശം. നാടോടി നൃത്തവും പൂരക്കളിയും മാപ്പിളപ്പാട്ടും തീർക്കുന്ന കൊട്ടിക്കലാശം ഗംഭീരമാക്കാനൊരുങ്ങുകയാണ് സാംസ്കാരിക നഗരി.
കലോത്സവം രണ്ടാംദിനം അവസാനിക്കുമ്പോൾ കുന്നംകുളം ഉപജില്ല 606 പോയന്റുമായി മുന്നിലാണ്. 599 പോയന്റുമായി തൃശൂർ വെസ്റ്റ് രണ്ടാമതും 598 പോയന്റുമായി ചാലക്കുടി മൂന്നാം സ്ഥാനത്തുമാണ്. ഇരിങ്ങാലക്കുടയാണ് നാലാമത്, 595 പോയന്റ്.
തൃശൂർ: സമകാലിക സംഭവങ്ങളോടുള്ള ചടുലപ്രതികരണങ്ങളായി കലാരൂപങ്ങൾ മാറാറുണ്ട്. എഴുത്തും നൃത്തവും നാടകവുമെല്ലാം ഇത്തരം പ്രതിഷേധങ്ങൾക്ക് വേദിയാക്കുകയാണ് കൊച്ചുകലാകാരന്മാരും. ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ക്രൂരതയും ഇരകളുടെ ദുരിതവുമെല്ലാം ഇക്കുറി കലോത്സവ വേദികളിൽ വിവിധ കലാരൂപങ്ങൾക്ക് വിഷയമായി. അവതരണങ്ങളിലെ വ്യത്യസ്തത പലതിനെയും ഒന്നാം സ്ഥാനത്തിനർഹമാക്കി.
അറബി കഥാപ്രസംഗത്തിൽ സഹ്റ രിഹാനയൊരുക്കിയ വിഷയം വർഗീയത മൂലം ശിഥിലമാകുന്ന സുഹൃദ് ബന്ധത്തിന്റെ കഥയാണ്. വർഗീയതക്കെതിരെ നാടുണരണം എന്ന സന്ദേശമായിരുന്നു ഹൈസ്കൂൾ വിഭാഗം അറബി കഥാപ്രസംഗത്തിൽ രിഹാന മുന്നോട്ടുവെച്ചത്. പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സഹ്റ സ്വന്തമായി പഠിച്ച കഥയാണ് മത്സരവേദിയിൽ അവതരിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗം മലയാളം കഥാപ്രസംഗത്തിലും ഈ മിടുക്കി മത്സരിക്കുന്നുണ്ട്. അറബിക് അധ്യാപകനായ എസ്. ഫസലിന്റെയും ജുബിനയുടെയും മകളാണ്.
ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ നാടകവും ഗസ്സയുടെ കണ്ണീരിന്റെ കഥയാണ് പങ്കുവെച്ചത്. ഇസ്രായേല്‍-ഫലസ്തീന് യുദ്ധം ഇതിവൃത്തമാക്കിയ ‘ഗാസ റേഡിയോ’ എന്ന നാടകമാണ് ഇക്കുറി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വടക്കേക്കാട് ഐ.സി.ഇ.എ.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് നാടകം അവതരിപ്പിച്ചത്. ഗസ്സയില്‍ പിടഞ്ഞുവീണ് മരിച്ച മനുഷ്യരുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥയും യുദ്ധം സമൂഹത്തിലുണ്ടാക്കുന്ന വിപത്തുമാണ് ഈ നാടകം ആസ്വാദകരുമായി സംവദിച്ചത്.
തൃശൂർ: ‘കാലത്തേയും വെന്തു കാന്തനെ തിരികെ വാങ്ങിയ സാധ്വി അവൾ സാവിത്രി’... സാവിത്രിയുടെ കഥ സംഘനൃത്തവേദിയെ കരഘോഷത്തിലാഴ്ത്തിയപ്പോൾ ദേവാംഗനയും സംഘവും ഒന്നുറപ്പിച്ചു. വിധിപ്രഖ്യാപനത്തിന് മുമ്പേ അവർ ഒന്നാം സ്ഥാനത്തിന്റെ ആഘോഷം തുടങ്ങി.
സേക്രഡ് ഹാർട്ട് സ്കൂളിലെ വേദിയിൽ അതേ സ്കൂളിന്റെ യു.പി ടീം അരങ്ങ് തകർക്കുന്നത് കാണാൻ സദസ്സ് നിറഞ്ഞിരുന്നു. ഓരോ ചുവടുകൾക്കും കൈയടിയോടെ കട്ട സപ്പോർട്ട്.
ഇതേ യു.പി ടീം കഴിഞ്ഞ വർഷം ജില്ല തലത്തിലെ ചാമ്പ്യന്മാരായിരുന്നു. നൃത്താധ്യാപകൻ സാബു ജോർജിന്റെ ശിക്ഷണത്തിലാണ് ദേവാംഗനയും കൂട്ടരും പരിശീലിച്ചത്. കഴിഞ്ഞവർഷത്തെ ടീം ആയതിനാൽ കാര്യങ്ങളെല്ലാം എളുപ്പമായി. ടീമിലെ രണ്ടുപേർക്ക് മത്സരത്തിന് മുമ്പേ ചെറിയ ശാരീരിക അസ്വസ്ഥതകളൊക്കെയുണ്ടായെങ്കിലും അതൊന്നും നൃത്തത്തെ ബാധിച്ചില്ല. വൈവിധ്യങ്ങളായ വിഷയങ്ങളാണ് സംഘനൃത്തവേദിയെ വേറിട്ടുനിർത്തിയത്. കാളിയമർദനവും പുരാണകഥകളുമെല്ലാമാണ് ഭൂരിഭാഗവും അവതരിപ്പിച്ചത്. സമ്പന്നമായ സദസ്സ് എല്ലാ ടീമുകളേയും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റതും ആസ്വദിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.