കൊരട്ടി: ദേശീയപാതയിൽ കൊരട്ടി ജങ്ഷനിലും മുരിങ്ങൂരിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവിസ് റോഡ് പണികൾ ആരംഭിച്ചതോടെ മേഖലയിൽ ഗതാഗതക്കുരുക്ക് പതിവായി. ഓണാഘോഷ കാലത്തിന്റെ തിരക്ക് കൂടിയായതോടെ ദേശീയപാതയിൽ ഡിവൈൻ അടിപ്പാത മുതൽ വാഹനങ്ങളുടെ നീണ്ടനിര ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ്. പ്രത്യേകിച്ച് എറണാകുളം ട്രാക്കിലാണ് മന്ദഗതി കൂടുതൽ.
അടിപ്പാത നിർമാണത്തിന്റെ മുന്നൊരുക്കങ്ങളാണ് കൊരട്ടിയിലും മുരിങ്ങൂരും നടക്കുന്നത്. സർവിസ് റോഡ് ഇല്ലാത്ത കൊരട്ടിയിൽ അടിപ്പാത നിർമിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സമാന്തരപാതയും മുരിങ്ങൂരിൽ സർവിസ് റോഡിന്റെ അഴുക്കുചാൽ നിർമാണമാണ് നടക്കുന്നത്. അതിനാൽ ഫോർവീലർ വാഹനങ്ങൾക്ക് സർവിസ് റോഡിലൂടെ സുഗമമായി പോകാനാവില്ല. അതിനാൽ പ്രധാനപാതയിൽ തിരക്ക് വർധിക്കുന്നുണ്ട്. കൊരട്ടിയിലും മുരിങ്ങൂരിലും കൂടാതെ ചിറങ്ങരയിലും ഈ മേഖലയിൽ അടിപ്പാത അനുവദിച്ചിട്ടുണ്ട്. നിലവിൽ മുരിങ്ങൂരിൽ തന്നെ ഡിവൈനിലും അടിപ്പാതയുണ്ട്. ഇവ തമ്മിൽ അധികം അകലമില്ലെന്നതാണ് യഥാർഥ്യം.
അടിപ്പാത നിർമാണം നിരവധി പരാതികളും ആശങ്കകളും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. അടിപ്പാതക്ക് പകരം മേൽപാലം മതിയെന്ന ആവശ്യം ശക്തമാണ്. അല്ലെങ്കിൽ റോഡിന്റെ തെരുവുകൾ ഇരുവശവും ബന്ധമില്ലാതെ അടഞ്ഞുപോകുമെന്ന പരാതിയാണ് പ്രധാനം. മുരിങ്ങൂരിലെ അടിപ്പാതയുടെ ഉയരക്കുറവ് പരാതികൾക്ക് കാരണമായിട്ടുണ്ട്. മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിലേക്കാണ് ഇത് തുറക്കുന്നത്. അതിരപ്പിള്ളിക്കും വാൽപ്പാറക്കും പോകുന്ന റോഡ് കൂടിയാണിത്. കണ്ടെയ്നർ ലോറികൾക്ക് കടന്നു പോകാനാവുന്നില്ലെങ്കിൽ മേലൂർ പഞ്ചായത്ത് അടക്കമുള്ള പ്രദേശത്തെ വികസനത്തെ ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.