തൃപ്രയാർ: ഗതാഗത തടസ്സവും അപകടങ്ങളും പെരുകിയിട്ടും നിയന്ത്രണ നടപടിയെടുക്കാതെ നാട്ടിക പഞ്ചായത്ത്. ബസ് സ്റ്റോപ്പ് നിർണയത്തിലെ അപാകതയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. തൃപ്രയാർ ജങ്ഷനിലെ ഗതാഗത നിയന്ത്രണത്തിനായി പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ഡിവൈഡറും സിഗ്നലും സ്ഥാപിച്ചിരുന്നു. ഡിവൈഡറിനും കെട്ടിടങ്ങൾക്കും ഇടയിലാണ് ബസുകൾ നിർത്തുന്നത്.
കൂടാതെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും ഇവിടെ നിർത്തും. ഇവക്കിടയിലൂടെയാണ് തെക്കുനിന്നും കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ കടന്നു പോകേണ്ടത്. ദേശീയപാതയായതിനാൽ ഇവിടെ തിരക്കും കൂടുതലാണ്.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കും ഡിവൈഡറിനും ഇടയിലൂടെ വാഹനങ്ങൾ ഞെരുങ്ങിയാണ് പോകുന്നത്. ഇതിനിടയിൽ പെട്ടാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഗതാഗത നിയന്ത്രിക്കാൻ ഡിവൈഡറും സിഗ്നൽ ലൈറ്റും സ്ഥാപിച്ചതിനു ശേഷം പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ഇതിന്റെ തീരുമാനപ്രകാരം തെക്കുഭാഗത്തുനിന്നും കിഴക്കുഭാഗത്ത് നിന്നും വരുന്ന ബസുകൾ ജങ്ഷന്റെ തെക്കുഭാഗത്തുള്ള മുഗൾ ജ്വല്ലറിക്ക് മുന്നിൽ ആളെ ഇറക്കി കയറ്റണം എന്നും തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കുകയും രണ്ടാഴ്ചയോളം പ്രാബല്യത്തിൽ വരികയും ചെയ്തു. പിന്നീട് പഴയ പടിയിൽ തന്നെ ബസുകൾ നിർത്തിയിടുകയും ചെയ്തു. ഈ നടപടിയിൽ അധികൃതർ കണ്ണടച്ചു. പിന്നീട് അപകടങ്ങൾ പെരുകി.
കിഴക്കുനിന്ന് വരുന്ന ബസുകൾ കിഴക്കേ ഡിവൈഡറിനോട് ചേർന്ന് നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. ഇത് ഈ ഭാഗത്ത് എപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാൻ ഇടയാക്കുന്നു. കൂടാതെ ടെമ്പിൾ റോഡിന്റെ ഇരുവശത്തുമുള്ളവാഹന പാർക്കിങ്ങുകളും വലിയ ഗതാഗത തടസ്സവും അപകടങ്ങളും വരുത്തിവെക്കുകയാണ്.
ജങ്ഷനിലെ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പും അപകട സ്ഥലമാണ്. വൈ മാളിനോട് ചേർന്ന സ്റ്റോപ്പായതിനാൽ അപകടങ്ങൾ പതിവാണ്. പഞ്ചായത്ത് ആർ.ടി.ഒ, പൊലീസ് എന്നിവയെല്ലാം സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗത നിയന്ത്രണ കാര്യത്തിൽ ഇവർ എല്ലാവരും കണ്ണടച്ചു വരികയാണെന്നാണ് ആക്ഷേപം.
നാല് വർഷമായി തൃപ്രയാർ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട്. പഞ്ചായത്താണ് ഗതാഗത നിയന്ത്രണ കാര്യത്തിന് മുന്നിട്ടിറങ്ങേണ്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് അധികൃതരും പറയുന്നത്.
സ്കൂൾ തുറക്കുന്നതോടെ വാഹനങ്ങളുടെ വരവ് കൂടുകയും ചെയ്യും. ഗതാഗത നിയന്ത്രണത്തിലെ പിഴവുമൂലം കഴിഞ്ഞ മാർച്ച് ഏഴിന് സ്കൂട്ടറിൽ ടോറസ് ലോറി കയറി അധ്യാപിക മരിക്കാനിടയായ സംഭവവും ഒരു വർഷം മുമ്പ് കുറി കമ്പനി ജീവനക്കാരന്റെ സ്കൂട്ടറിൽ ബസ് കയറി മരിക്കാനിടയായതും ഇവിടെയുണ്ടായ പ്രധാന അപകടങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.