തൃപ്രയാർ: രാജ്യം 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി എന്ന് കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്ന സർദാർ ഗോപാലകൃഷ്ണന്റെ ഓർമദിനംകൂടിയാണിന്ന്.
കർഷകന്റെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പരമാധികാരമല്ല ഇതെന്ന് പ്രഖ്യാപിച്ച് 1950 ജനുവരി 26ന് ജാഥ നയിച്ചതിന് പൊലീസ് പിടികൂടി കൊല ചെയ്യുകയായിരുന്നു ഈ ധീരനേതാവിനെ. ബന്ധുക്കൾക്കും പാർട്ടി സഖാക്കൾക്കും വിട്ടുകൊടുക്കാതെ വലപ്പാട്ടെ കടപ്പുറത്ത് സംസ്കരിച്ച് മൃതദേഹത്തോടുപോലും പൊലീസ് ക്രൂരത തുടർന്നു.
എടത്തിരുത്തി കുമ്പളപറമ്പിൽ കുടുംബാംഗമായ ഗോപാലകൃഷ്ണൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തുന്നത്. ഇതോടെ സർദാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ മേഖലയിലെ ചൂഷണത്തിനെതിരെ അധ്യാപകരെ സംഘടിപ്പിച്ചു.
സമരങ്ങൾ നടത്തി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു. അടിച്ചമർത്തലുകൾക്കെതിരെ മുഖ്യസംഘാടകനായി. സർദാറിന്റെ വാക്കുകളും പ്രവൃത്തിയും ജനമനസ്സുകൾ ഏറ്റെടുത്തു. മണപ്പുറം മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കരുത്തുറ്റതാക്കി. സർദാർ മണപ്പുറത്തെ വെള്ള മണൽത്തരികളെ ചുവപ്പാക്കി മാറ്റിയെന്നാണ് അക്കാലത്തുള്ളവർ പറഞ്ഞിരുന്നത്.
റിപ്പബ്ലിക് പ്രഖ്യാപനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ബി.ടി. രണദിവെ അവതരിപ്പിച്ച കൽക്കത്ത തീസിസ് എന്ന പ്രമേയത്തെ പിന്തുണച്ചാണ് സർദാറിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമർദനങ്ങൾ നടന്നിരുന്ന കാലമായതിനാൽ ചെറിയ സംഘമാണ് പെരിഞ്ഞനം കുറ്റിലക്കടവിൽനിന്ന് പ്രകടനം നടത്തിയത്.
മതിലകത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. അപ്പോഴേക്കും ജാഥ അംഗങ്ങളിൽ പലരും ഓടി രക്ഷപ്പെട്ടിരുന്നു. ചെങ്കൊടി പിടിച്ച് ജാഥ നയിച്ച സർദാറിനെ ആദ്യം പിടിച്ച പൊലീസ് അവിടെനിന്നുതന്നെ മർദനം തുടങ്ങി.
മതിലകം പൊലീസ് സ്റ്റേഷനിൽ രാത്രി വരെ മർദനം തുടർന്നു. മീശയിലെ രോമങ്ങൾ ദ്വാരമുള്ള നാണയത്തിൽ ചുറ്റി ഓരോന്നായി വലിച്ചെടുത്തു. ബൂട്ട് ചവിട്ടി അവശനാക്കി. തുടർന്ന് മതിലകത്തുനിന്ന് വലപ്പാട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
വരുന്ന വഴിയിൽ പൊലീസ് വാനിൽ വെച്ച് തോക്കിന്റെ ബയണറ്റ് െനറുകയിൽ കുത്തിയിറക്കി. അവസാന ശ്വാസം വലിച്ചിറക്കുന്നതുവരെ സർദാർ ഇൻക്വിലാബ് സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടേയിരുന്നു.
മരണം ഉറപ്പുവരുത്തിയ ശേഷം അർധരാത്രി വലപ്പാട് കടപ്പുറമായ വട്ടപ്പരത്തിയിൽ കൊണ്ടുപോയി പൊലീസുതന്നെ സംസ്കരിച്ചു. നേരം പുലർന്നപ്പോൾ സംസ്കരിച്ചിടത്ത് ചെങ്കൊടി നാട്ടിയതായി കാണപ്പെട്ടു.
സർദാറിനോട് അനുഭാവമുണ്ടായിരുന്ന പൊലീസുകാരിൽ ചിലർ മേലധികാരികളുടെ കണ്ണുവെട്ടിച്ച് നാട്ടിയതായിരുന്നു കൊടിയെന്ന് പറയുന്നു. ഒളിച്ചിരുന്ന് കണ്ട പാർട്ടി സഖാക്കളാണ് കൊടികുത്തിയതെന്നും പിന്നീട് അഭിപ്രായമുയർന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ ജനുവരി 26 സർദാർ ദിനമായി ഇന്നും ആചരിച്ചുവരുന്നുണ്ട്.
എടത്തിരുത്തിയിലെയും എടമുട്ടത്തെയും സ്മാരകമന്ദിരങ്ങൾ സർദാറിന്റെ ഓർമകളുമായി ഉയർന്നുനിൽക്കുന്നു. എന്നാൽ, ഇൻക്വിലാബിന്റെ മുഷ്ടിചുരുട്ടി സർദാർ ചുവപ്പാക്കി മാറ്റിയ മണപ്പുറം ഏഴുപതിറ്റാണ്ട് കഴിഞ്ഞപ്പോൾ കാവിനിറം അണിഞ്ഞുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.