തൃശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പരിശീലകൻ സി.പി.എം ഉസ്മാൻ കോയക്ക് അക്ഷര ദക്ഷിണ അർപ്പിക്കാൻ യൂണിവേഴ്സിറ്റി മുൻ താരങ്ങളും കാൽപന്തുകളിയിലെ പഴയ പടക്കുതിരകളുമായ ശിഷ്യന്മാർ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ അസോസിയേഷൻ (ക്യൂഫ) ആണ് ഉസ്മാൻ കോയയുടെ ഓർമകളും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടെയും സഹപ്രവർത്തകരുടെയും അനുഭവങ്ങളും കോർത്തിണക്കി സമഗ്ര ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. ഉസ്മാൻ കോയയെ കുറിച്ച് കോച്ച് ചാത്തുണ്ണി അടക്കമുള്ളവരുടെ അനുഭവ കുറിപ്പുകൾ തയാറായി കഴിഞ്ഞതായി ക്യൂഫ ജനറൽ സെക്രട്ടറി വിക്ടർ മഞ്ഞില അറിയിച്ചു.
ഉസ്മാൻ കോയയുടെ പരിശീലനത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻമാരുടെയും അഖിലേന്ത്യാ ഇന്‍റർവാഴ്സിറ്റി ഫുട്ബാൾ കിരീടമായ അശുതോഷ് മുഖർജി ഷീൽഡ് 1971 ൽ യൂണിവേഴ്സിറ്റിക്ക് ആദ്യമായി നേടികൊടുത്ത ടീം അംഗങ്ങളുടെയും ഓർമക്കുറിപ്പുകൾ പുസ്തകത്തിൽ ഉണ്ടാകും. അധികം താമസിയാതെ പുസ്തകം പുറത്തിറങ്ങുമെന്നും വിക്ടർ മഞ്ഞില പറഞ്ഞു.
തന്‍റെ സ്മരണകൾക്ക് 'മറക്കാത്ത ഓർമകളും സംഭവങ്ങളും ' എന്ന് തലക്കെട്ട് കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉസ്മാൻ കോയ വ്യക്തമാക്കി. അശുതോഷ് മുഖർജി ഷീൽഡ് നേടിയതടക്കം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കാലം മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമ വി.സി. പ്രൊഫ. എം.എം. ഗനി, അന്നത്തെ കായിക വിദ്യാഭ്യാസ ഡയറക്ടർ ഇ.ജെ. ജേക്കബ്, മാനേജർ സി.പി. അബൂബക്കർ തുടങ്ങിയവരെ ഒരിക്കലും മറക്കാനാവില്ല. യൂണിവേഴ്സിറ്റി എനിക്ക് എല്ലാ സഹായവും ചെയ്തു തന്നു. ഇന്നത്തെ ഡയറക്ടർ ഡോ. സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി പഴയ പ്രതാപത്തിൽ എത്തണമെന്നാണ് തന്‍റെ ആഗ്രഹം.
വിക്ടർ മഞ്ഞിലയുമായുള്ള ബന്ധം ഗുരുശിഷ്യ ബന്ധത്തിനും അപ്പുറത്തുള്ളതാണ് - ഉസ്മാൻ കോയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.