അന്തിക്കാട്: തകർന്ന് യാത്രയോഗ്യമല്ലാത്ത പെരിങ്ങോട്ടുകര -അന്തിക്കാട് റോഡ് മൂന്നു ദിവസത്തിനകം സഞ്ചാരയോഗ്യമാക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബുധനാഴ്ച അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിൽ ചേർന്ന പൊതുമരാമത്ത് വകുപ്പിെൻറയും വാട്ടർ അതോറിറ്റിയുടെയും സംയുക്ത യോഗത്തിലാണ് ഉറപ്പ്.
യോഗത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഉദ്യോഗസ്ഥർ കുഴങ്ങി. പെരിങ്ങോട്ടുകര മുതൽ അന്തിക്കാട് വരെ അമൃതം കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. ഈ അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഇതിനകം പൈപ്പിട്ട് പൂർത്തിയാക്കിയത് രണ്ട് കിലോമീറ്റർ മാത്രമാണ്. ഇതിൽനിന്നുതന്നെ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് വ്യക്തമല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
ഒടുവിൽ മൂന്ന് ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പ് നൽകി ഉദ്യോഗസ്ഥർ സ്ഥലം വിട്ടു. കാലാവസ്ഥ വ്യതിയാനത്തെയോ കോവിഡിനെയോ കുറ്റം പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്ന് യോഗത്തിൽ എം.എൽ.എയും തീർത്തു പറഞ്ഞു.
ഇനി പൈപ്പിടുന്നതിന് പൊളിക്കാനുള്ള ദൂരത്തിൽ അര കിലോമീറ്റർ ദൂരം പൈപ്പിട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയ ശേഷം മാത്രമേ അടുത്ത ഭാഗം പൊളിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
അന്തിക്കാട് സെൻററിൽ നിന്നുള്ള ആശുപത്രി റോഡ് അറ്റകുറ്റപ്പണി ചെയ്ത് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
അന്തിക്കാട് ബ്ലോക്ക് ബി.ഡി.ഒ ജോളി വിജയൻ, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ എ.കെ. നവീൻ, കെ.വി. മാലിനി, ചേർപ്പ് സെക്ഷൻ അസി. എൻജിനീയർ എ.ആർ. പ്രിയ, വലപ്പാട് പി.ഡബ്ല്യു.ഡി റോഡ്സിലെ അസിസ്റ്റൻറ് എൻജിനീയർ കെ.ജെ. സിജി, വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ കെ.പി. പ്രസാദ്, അസി. എൻജിനീയർ എ.ആർ. ശ്രീവിദ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുഴിയടക്കുന്ന പണി തുടങ്ങി
അന്തിക്കാട്: മന്ത്രി ഇടപെട്ടതോടെ മൂന്ന് വർഷമായി തകർന്നു കിടക്കുന്ന അന്തിക്കാട് -പെരിങ്ങോട്ടുകര റോഡിലെ കുഴികൾ അടക്കുന്ന പണി ആരംഭിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജ്യോതിരാമെൻറ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിയെ തിരുവനന്തപുരത്ത് പോയി നേരിട്ടു കണ്ടിരുന്നു. ഇതോടെയാണ് റോഡ് നന്നാക്കാൻ നടപടിയായത്. റോഡ് ഉടൻ നന്നാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. വെള്ളം നിറഞ്ഞ റോഡിലെ കുഴികൾ നികത്തിയാണ് പണി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.