തൃപ്രയാർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 70ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ തൃപ്രയാറിൽനിന്നുള്ള കെ.ആർ. റിജാസ് കേരള പുരുഷ ടീമിനെ നയിക്കും. മുൻ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ തൃപ്രയാറുകാരൻ കെ.ജി. രാഗേഷും ടീമിലുണ്ട്. ഇരുവരും തൃപ്രയാർ ടി.എസ്.ജി.എയുടെ സമ്മർ ക്യാമ്പിലൂടെ ഉയർന്നുവന്നവരാണ്.
വോളിബാൾ കോച്ച് പി.സി. രവിയാണ് വോളിബാളിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി കൈപിടിച്ചുയർത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ റിജാസിനെ കണ്ടെത്തി വോളിബാൾ ക്യാമ്പിലേക്ക് എത്തിച്ചത് മുൻ പൊലീസ് താരം മജീദ് ആണ്. ഇപ്പോൾ കൊച്ചിയിൽ കസ്റ്റംസിന് വേണ്ടി കളിക്കുന്ന റിജാസ് പെരിങ്ങോട്ടുകര വടക്കും മുറി കളത്തിപറമ്പിൽ റസാക്കിന്റേയും സക്കീനയുടേയും മകനാണ്.
10 തവണ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള രാഗേഷ് നാഷനൽ ഗെയിംസിലും ഫെഡറേഷൻ കപ്പിലും കേരളത്തിനായി ജഴ്സി അണിഞ്ഞു. 2011 ലും 2017ലും ദേശീയ വോളിബാൾ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗമായിരുന്നു.
ഇപ്പോഴത്തെ കേരള ടീമിലെ സീനിയർ താരമാണ് രാഗേഷ്. തൃപ്രയാർ കുരുഡിയാറ ഗംഗാധരന്റേയും ഷീബയുടേയും മകനാണ് കെ.എസ്.ഇ.ബി താരമായ കെ.ജി. രാഗേഷ്. പരിചയസമ്പത്തും യുവത്വവും ചേർന്ന കേരള ടീം വിജയ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.