സി​യാ​ഞ്ച്

സിയാഞ്ചിന് ലോകം കാണാൻ വേണം, കനിവിന്‍റെ കൈത്താങ്ങ്

തൃപ്രയാർ: 15കാരൻ സിയാഞ്ച് ലോകത്തിന്‍റെ വർണങ്ങൾ കാണാൻ കാത്തിരിക്കുകയാണ്. ചികിത്സക്കുള്ള ചെലവ് വഹിക്കാൻ കുടുംബത്തിന് സഹായം ആവശ്യമാണ്. ഇടുക്കി ജില്ലയിൽ മൂന്നാർ-കുമളി റോഡിൽ അണക്കര മണപ്പള്ളി വീട്ടിൽ പ്രസാദിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് സിയാഞ്ച്. വലപ്പാട് പൊക്കാഞ്ചേരിയിലെ സ്വകാര്യ നേത്രചികിത്സ കേന്ദ്രത്തിൽ ചികിത്സയിലാണ്. ചികിത്സക്കാണ് വലപ്പാട്ടെത്തിയത്. ഏഴുമാസമായി വാടക മുറിയിൽ താമസിച്ച് ചികിത്സ തുടരുന്നു. ഒന്നര വർഷം ഇനിയും ചികിത്സ നടത്തേണ്ടതുണ്ട്.

അണക്കര മോൺഫോർട്ട് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിയാഞ്ച് വലിയ അപകടത്തിൽപെട്ടത്. 2021 ഏപ്രിൽ 20ന് സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു. വളവുള്ളതിനാൽ മരത്തിലിടിച്ച് സമീപത്തെ 50 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണു. തലയുടെ പകുതി തകർന്നു. ശരീരം തളർന്നു.

വിദഗ്ധ ചികിത്സകളുള്ള ആശുപത്രികളിലെല്ലാം ചികിത്സ നടത്തി. ഇപ്പോഴും തനിച്ച് എഴുന്നേറ്റിരിക്കാൻ കഴിഞ്ഞിട്ടില്ല. നീണ്ട കാലത്തെ ഫിസിയോ തെറപ്പിയോടെ മെച്ചപ്പെടുമെന്ന് ഡോക്ടർമാർ വിധിയെഴുതി. സംസാരിക്കാൻ കഴിയാതിരുന്ന സിയാഞ്ചിന് കാഴ്ച നഷ്ടപ്പെട്ടത് പിന്നീടാണ് അറിഞ്ഞത്. കാഴ്ച ലഭിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.

ലക്ഷക്കണക്കിന് രൂപ ചികിത്സകൾക്കായി ചെലവായതിനാൽ സാമ്പത്തികമായി കുടുംബവും തളർന്നു. പേശികൾക്ക് അയവുവരുന്നതിന് മൂന്നുമാസമെത്തുമ്പോൾ ബോട്ടോക്സ് എന്ന മരുന്ന് കുത്തിവെക്കണം. ഇതിന് മാത്രം 40,000 രൂപ വരും. മരപ്പണിക്കാരനായ പ്രസാദിന് സിയാഞ്ച് കൂടാതെ ഡിഗ്രിക്കും പ്ലസ് ടുവിനും പടിക്കുന്ന രണ്ടു മക്കൾ കൂടിയുണ്ട്. ഒഴിവുനേരങ്ങളിൽ സൈക്കിളിൽ ചായ വിറ്റിരുന്ന സിയാഞ്ച് പഠന ചെലവിനുള്ള പണവും കണ്ടെത്തിയിരുന്നു.

സിയാഞ്ചിന്‍റെ ദുരന്ത വാർത്ത അറിഞ്ഞയുടൻ നാട്ടുകാരും അകമഴിഞ്ഞ് സഹായിച്ചിരുന്നു. മകന്‍റെ കാഴ്ചയിലുള്ള നേരിയ മാറ്റത്തിൽ പ്രത്യാശ ഉണ്ടെങ്കിലും ഒന്നര വർഷത്തെ ചികിത്സക്ക് പണമെങ്ങനെ ഉണ്ടാക്കുമെന്നത് ആശങ്കയാകുകയാണ്. എസ്.ബി.ഐയുടെ അണക്കര ബ്രാഞ്ചിൽ പ്രസാദ് എം.ജി, 67171198837 എന്ന നമ്പറിലാണ് അക്കൗണ്ട്. ഐ.എഫ്.എസ്.സി SBIN0070784. ഗൂഗിൾ പേ: +91 994797 1101, മൊബൈൽ നമ്പർ: 994797 1101. 

Tags:    
News Summary - Sianj wants to see the world through kind hearted people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.