തൃപ്രയാർ: തൃപ്രയാർ ജങ്ഷനിൽ ടോറസ് ലോറി കയറി അധ്യാപിക മരിക്കാനിടയായ സംഭവം ബസ് സ്റ്റോപ് നിർണയത്തിലെ അപാകതയെന്ന് പരാതി. ജങ്ഷനിലെ ഗതാഗത നിയന്ത്രണത്തിനായി പഞ്ചായത്ത് വർഷങ്ങൾക്കുമുമ്പ് ഡിവൈഡറും സിഗ്നൽ ലൈറ്റും സ്ഥാപിച്ചിരുന്നു.
ഡിവൈഡറിനും കെട്ടിടങ്ങൾക്കും ഇടയിലാണ് ബസുകൾ ഇപ്പോൾ നിർത്തുന്നത്. കൂടാതെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും ഇവിടെ നിർത്തുന്നു. ഇവക്കിടയിലൂടെയാണ് തെക്കുനിന്നും കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നത്. ദേശീയപാതയായതിനാൽ തിരക്കും കൂടുതലാണ്.
നിർത്തിയിട്ട വാഹനങ്ങൾക്കും ഡിവൈഡറിനും ഇടയിലൂടെ പോകുന്ന വാഹനങ്ങൾ കഷ്ടിച്ചാണ് പോകുന്നത്. ഇതിനിടയിൽപെട്ടാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത്. കഴിഞ്ഞവർഷവും ഇവിടെ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചിരുന്നു. ഗതാഗത സംവിധാനം നിയന്ത്രിക്കാൻ ഡിവൈഡറും സിഗ്നൽ ലൈറ്റും സ്ഥാപിച്ചശേഷം പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ഇതിന്റെ തീരുമാനപ്രകാരം തെക്കുഭാഗത്തുനിന്നും കിഴക്കുഭാഗത്തുനിന്നും വരുന്ന ബസുകൾ ജങ്ഷന്റെ തെക്കുഭാഗത്തുള്ള മുഗൾ ജ്വല്ലറിക്ക് മുന്നിൽ ആളെ ഇറക്കി കയറ്റണം എന്നും തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കുകയും രണ്ടാഴ്ചയോളം പ്രാബല്യത്തിൽ വരികയും ചെയ്തു. പിന്നീട് പഴയപടിയിൽ തന്നെ ബസുകൾ നിർത്തിയിട്ടു. ഈ നടപടിയിൽ ബന്ധപ്പെട്ടവരെല്ലാം കണ്ണടയ്ക്കുകയും ചെയ്തു.
പിന്നീട് അപകട പരമ്പരകൾ ആയി. കിഴക്കുനിന്നുവരുന്ന ബസുകൾ കിഴക്കേ ഡിവൈഡറിനോട് ചേർന്ന് നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. ഇത് ഈ ഭാഗത്ത് എപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാൻ ഇടയാക്കുന്നു. കൂടാതെ ടെംപിൾ റോഡിന്റെ ഇരുവശത്തുമുള്ള വാഹന പാർക്കിങ്ങുകളും വലിയ ഗതാഗത തടസ്സവും അപകടങ്ങളും വരുത്തിവെക്കുകയാണ്.
നാലുവർഷമായി തൃപ്രയാർ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട്. പഞ്ചായത്താണ് ഗതാഗത നിയന്ത്രണകാര്യത്തിന് മുന്നിട്ടിറങ്ങേണ്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവകുപ്പ് അധികൃതരും പറയുന്നത്.
പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അടുത്തദിവസം തന്നെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ച് അപകടരഹിത തൃപ്രയാറിനായി ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.