ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുനീക് ഡിസബിലിറ്റി ഐഡന്‍റിറ്റി കാർഡ് നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തിരിച്ചറിയൽ കാർഡ് വിതരണത്തിനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 1.26 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് വിതരണം ചെയ്യും. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇരിങ്ങാലക്കുടയിൽ ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണ സ്പെഷൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഇരിങ്ങാലക്കുടയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മികവിന്‍റെ കേന്ദ്രമാക്കി മാറ്റും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് താമസിക്കാനായി പുനരധിവാസ വില്ലേജ് സർക്കാർ പരിഗണനയിലുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി തടസ്സരഹിത കേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ നടന്ന ക്യാമ്പിൽ 114 പേർ പങ്കെടുത്തു. മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയവർക്ക് നേരിട്ട് കാർഡ് വീടുകളിലേക്കെത്തിക്കുമെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം.എസ്. ഷെറിൻ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സീമ പ്രേംരാജ്, കെ.എസ്. തമ്പി, ഷീജ പവിത്രൻ, കെ.എസ്. ധനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം.എസ്. ഷെറിൻ സ്വാഗതവും എസ്.ഐ.ഡി പ്രോഗ്രാം കോഓഡിനേറ്റർ സഹിറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.