തൃശൂർ: റവന്യൂ വകുപ്പിന്റെ തെറ്റായ നടപടിമൂലം സ്വന്തം ഭൂമിയുടെ ക്രയവിക്രയം ഉൾപ്പെടെ കാര്യങ്ങൾക്ക് അവകാശം നിഷേധിക്കപ്പെട്ട പീച്ചി വില്ലേജിലെ ആൽപാറ, മണ്ടൻചിറ പ്രദേശത്തെ 116 സ്ഥല ഉടമകൾ പ്രത്യക്ഷ സമരത്തിലേക്ക്. വ്യാഴാഴ്ച രാവിലെ 10ന് പീച്ചി-പാണഞ്ചേരി വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് ആൽപാറ ജനകീയ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1955, ‘57 വർഷങ്ങളിൽ മരിച്ച മൊയ്തീൻഷാ റാവുത്തർ, മകൾ പരീദ ബീവി എന്നിവരുടെ ഈ പ്രദേശത്തുള്ള 33 ഏക്കർ മിച്ചഭൂമിയാണെന്ന താലൂക്ക് ലാൻഡ് ബോർഡിന്റെ റഫറൻസിനെ തുടർന്ന് പ്രദേശത്തെ മറ്റ് പലരുടെയും ഉടമസ്ഥതയിലുള്ളതും നികുതി അടക്കുന്നതുമായ വിവിധ സർവേ നമ്പറുകളിലുള്ള ഭൂമിയുടെ ഉടമാവകാശം മരവിപ്പിക്കുകയായിരുന്നു.
2012 മുതൽ ഇത്രയും പേർക്ക് നികുതി അടക്കാൻ കഴിയാതായി. വിവിധ തലങ്ങളിൽ നടത്തിയ ഇടപെടലിനെ തുടർന്ന് ഇപ്പോൾ നികുതി അടക്കാൻ അനുമതി ലഭിച്ചെങ്കിലും അതിന്റെ രശീതിയിൽ കേസിനെക്കുറിച്ച് പരാമർശിക്കുന്നതിനാൽ ഭൂമി വിൽക്കാനോ പണയം വെച്ച് വിവാഹം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് വായ്പയെടുക്കാനോ കഴിയുന്നില്ല. കൂടുതൽ ഭൂമിയുള്ളവർ ഹൈകോടതിയിലും മറ്റും പോയി പൂർണ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്തെങ്കിലും അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവർക്ക് കേസ് നടത്തിപ്പിന് വേണ്ടിവരുന്ന ചെലവും കാലവും വെല്ലുവിളിയാണ്.
പ്രദേശത്തുനിന്നുള്ള എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി അടക്കമുള്ളവരോട് പല തവണ വിഷയം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിന് സമരത്തിന് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജനകീയ സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുശീല രാജൻ, വൈസ് പ്രസിഡന്റ് കെ.എം. ഡാനിയേൽ, സെക്രട്ടറി പി.ആർ. രാജേഷ്, ജോയന്റ് സെക്രട്ടറി എം.എം. തങ്കച്ചൻ, ട്രഷറർ ജോസ് മായാലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.