തൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ തടവുകാരനെ ജയില്‍ വാര്ഡന്മാര് മർദിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ ഹര്‍ഷാദിനാണ് മർദനമേറ്റത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഇയാള്‍ മൂന്ന് വര്‍ഷമായി ജയിലിലാണ്. വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്ത ജയില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ഷാദ് രണ്ട് ദിവസം നിരാഹാരം അനുഷ്ഠിച്ചിരുന്നു. തുടർന്ന് ഫോണ്‍ ചെയ്യാന്‍ അനുവദിച്ചതോടെ നിരാഹാരം അവസാനിപ്പിച്ചു. അതിനുശേഷമായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ് ഒന്നര ദിവസം തൃശൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ഹര്‍ഷാദിനെ ഞായറാഴ്ച രാത്രിയാണ് വിടുതൽ ചെയ്തത്.
മര്‍ദന വിവരം മറച്ചുപിടിച്ച ജയില്‍ അധികൃതര്‍ അപസ്മാര രോഗിയെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തന്നെ ക്രൂരമായി മർദിച്ചെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ഹര്‍ഷാദ് പറഞ്ഞതായി പിതാവ് മുഹമ്മദ് പറയുന്നു. ദേഹത്ത് മർദനമേറ്റ പാടുണ്ടെന്നും എഴുന്നേറ്റ് നടക്കാനാവാത്ത വിധം അവശനാണെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നും ജയിലില്‍ മകനെ സന്ദർശിച്ച ശേഷം മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിസുരക്ഷ ജയിലില്‍ തടവുകാരോട് നിയമവിരുദ്ധമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. കോടതി ഉത്തരവുകളെയും ജയില്‍ നിയമങ്ങളെയും വെല്ലുവിളിച്ച് അങ്ങേയറ്റം സേച്ഛാധിപത്യപരമായി പെരുമാറുന്ന ജയില്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.