അതിരപ്പിള്ളി: പ്ലാന്റേഷൻ മേഖലയിൽ തൊഴിലാളികളുടെ ജീവന് ഭീഷണിയായി കാട്ടാനകളുടെ സാന്നിധ്യം രാപകൽ വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലെ കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ജീവനക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെറ്റിലപ്പാറ ടി.എസ്.ആർ ഫാക്ടറിയിൽനിന്ന് ഷിഫ്റ്റ് ജോലി കഴിഞ്ഞ് രാത്രി തിരികെ പോവുകയായിരുന്ന തൊഴിലാളികളെ ആനകൾ ആക്രമിക്കാൻ ശ്രമിച്ചു.
രണ്ടു ബൈക്കിലും ഒരു കാറിലും ആയി വന്ന തൊഴിലാളികളുടെ നേരെ എണ്ണപ്പന തോട്ടത്തിൽ നിന്നിരുന്ന ആന ആക്രമിക്കാൻ ഓടി വന്നു. തുടർന്ന് തൊഴിലാളികൾ റോഡിൽ ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങിയോടുകയായിരുന്നു. കാറിൽ വന്നവർ പെട്ടെന്ന് വാഹനം പിറകോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തു. കാർ പിന്നോട്ടെടുത്തപ്പോൾ സമീപത്തെ പാലത്തിൽ ചെന്നിടിച്ചു. ശബ്ദം കേട്ടതോടെ ഭയന്ന ആന പിന്തിരിഞ്ഞതാണ് തൊഴിലാളികൾക്ക് രക്ഷയായത്.
പ്ലാന്റേഷൻ മേഖലയിൽ കാട്ടാനകളുടെ ഉപദ്രവം വർധിച്ചതായി തൊഴിലാളികൾ പറയുന്നു. തോട്ടങ്ങളിൽ പകൽ പോലും ആനകൾ ഇറങ്ങുന്നുണ്ട്. എണ്ണപ്പനകൾ മറിച്ചിട്ട് തിന്നുകയാണ് ആനകളുടെ രീതി. അതിനാൽ ഒറ്റക്ക് ജോലിക്ക് പോകാൻ പലർക്കും ഭീതിയാണ്. ആനയുടെ സാന്നിധ്യമറിയാതെ എണ്ണപ്പന തോട്ടത്തിൽ എത്തുന്നവർ അപകടത്തിൽ പെടും. കഴിഞ്ഞ ദിവസം എണ്ണപ്പനക്കുരു കയറ്റുന്ന യാർഡിന് സമീപം ആനകൾ എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഏഴാറ്റുമുഖം മേഖലയിൽ ക്വാർട്ടേഴ്സുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പ് ലൈൻ തകർത്ത ആനകൾ കുടിവെള്ള ടാങ്ക് മറിച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.