തൃശൂർ: മൊത്തം കോവിഡ് രോഗികളിൽ ഒരുശതമാനം മാത്രം മരണം റിപ്പോർട്ട് ചെയ്യുമ്പോഴും ജില്ലയിൽ കുത്തനെ ഉയർന്ന് മരണക്കണക്ക്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം കോവിഡ് മരണ പോർട്ടലിൽ ജില്ലയിൽനിന്ന് ഉൾപ്പെടുത്തിയത് 862 മരണങ്ങളാണ്. ജനുവരി 27 മുതൽ ഫെബ്രുവരി ഒമ്പത് വരെയാണ് ഇത്രയേറെ മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഫെബ്രുവരി മൂന്നിന് റിപ്പോർട്ട് ചെയ്ത 159 മരണമാണ് കൂടിയ സംഖ്യ. നാലിന് 154 പേരും പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 31ന് 128 പേരായിരുന്നെങ്കിൽ ഫെബ്രുവരി ആറിന് 106 പേരും പോർട്ടലിൽ എത്തി. ഇതോടെ നിലവിൽ ജില്ലയിലെ കോവിഡ് മരണം 6564 ആയി. മുൻകാല മരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്തിയതാണ് നിരക്ക് കുതിക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ലയിൽ രണ്ടുവർഷത്തിനുള്ളിൽ മരിച്ചത് 5437 പേരാണ്. 2020ത്തിൽ 374 പേർ മാത്രമാണ് മരിച്ചത്. 2021ൽ മരണസംഖ്യ 4958 ആയി ഉയർന്നു. 2022 പിറന്ന് രണ്ടുദിവസം കൊണ്ട് 105 പേരാണ് മരിച്ചത്. രണ്ട് വർഷത്തിനിടെ കൂടുതൽ മരണം രേഖപ്പടുത്തിയത് കഴിഞ്ഞ നവംബറിലാണ്. 981 പേരെയാണ് നവംബറിൽ കോവിഡ് കവർന്നത്. ഡിസംബറിൽ (776), ഒക്ടോബർ (646), സെപ്റ്റംബർ (596), ആഗസ്റ്റ് (548), മേയ് (420), ജൂലൈ (384), ജൂൺ (357) മാസങ്ങളിൽ മരണസംഖ്യ മൂന്നക്കവുമായി. കഴിഞ്ഞ വർഷം ആദ്യ നാലുമാസം മരണം നൂറിൽ താഴെയായിരുന്നു. ഏപ്രിൽ (83), ജനുവരി (64), മാർച്ച് (57), ഫെബ്രുവരി (46) എന്നിങ്ങനെയാണ് കണക്ക്.
ഈവർഷം രണ്ടുദിവസത്തിനിടെ 105 നേരത്തേ രേഖപ്പെടുത്താത്ത അനാഥ മരണങ്ങളുടെ കണക്ക് കൂടി ഉൾപ്പെടുന്നതാണ്. കോവിഡ് ബാധിച്ച് മരിച്ചെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് പോർട്ടലിൽ രേഖപ്പെടുത്താതെ മാറ്റിവെച്ചത് കൂടി ഉൾപ്പെടുത്തി തുടങ്ങിയതോടെയാണ് എണ്ണം ആയിരത്തിന് താഴെ വരെ എത്താൻ ഇടയായത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതിനിടെ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെ പോകുമ്പോൾ ആഘോഷ തിമിർപ്പിന്റെ ബാക്കി പത്രമായി കോവിഡ് കുതിച്ചുയരുകയാണ്. ഒപ്പം ഒമിക്രോൺ വ്യാപനവും കൂടുകയാണ്. കോവിഡ് ബാധിതരായി മരിച്ചവരുടെ ബന്ധുക്കളുടെ 5614 അപേക്ഷകളാണ് റവന്യൂ അധികൃതർക്ക് ലഭിച്ചത്. ഇതിൽ 4614 അപേക്ഷകർക്ക് എക്സ്ഗ്രേഷ്യ ധനസഹായം ലഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.