കയ്പമംഗലം: പെൺകൂട്ടായ്മയുടെ കരുത്തിൽ നിർധന കുടുംബത്തിന് ഓണസമ്മാനമായി ലഭിച്ചത് സുന്ദരഭവനം. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് അയൽവാസികളും സുഹൃത്തുക്കളുമായ എട്ട് സ്ത്രീകളുടെ വാട്സ് ആപ് കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ച് നിർധന കുടുംബത്തിന് വീടൊരുക്കിയത്. ചാമക്കാല സ്വദേശിക്കാണ് വീട് നിർമിച്ച് നൽകിയത്. ഹൃദ്രോഗിയായ കുടുംബനാഥനും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം വർഷങ്ങളായി നാല് സെന്റ് സ്ഥലത്ത് ഓലക്കുടിലിലാണ് കഴിഞ്ഞിരുന്നത്.
ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് വീടെന്ന പദ്ധതിയിലേക്ക് വനിതാകൂട്ടായ്മ ശ്രദ്ധ കേന്ദ്രീകരിച്ചത്. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ഹബീല ഫൈസൽ, ഡോ. റഹീന അൻവർ, ഷിബി സലിം, ഫാത്തിമ ഫൈസൽ, ഷാഹിദ സഗീർ, അൻഷി ഇക്ബാൽ, ഷാഹിദ ഫൈസൽ, ഷീജ ഷാഫി എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. വീട് നിർമാണത്തിനായി കൂട്ടായ്മയിലെ അംഗങ്ങൾ സ്വന്തമായും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുമെല്ലാം പണം സ്വരൂപിച്ചു. 11 ലക്ഷം രൂപ ചെലവിട്ടാണ് 650 ചതുരശ്ര അടിയിൽ വീട് നിർമിച്ച് നൽകിയത്. നാലുമാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കുകയും ചെയ്തു. രണ്ടാഴ്ച് മുമ്പ് വീട് കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും സ്മാർട്ട് കയ്പമംഗലം കോഓഡിനേറ്ററുമായ ശോഭ സുബിൻ കൂട്ടായ്മ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.