ആര്യനാട്: കാട്ടുപന്നിശല്യം രൂക്ഷമായ ഇറവൂരില്‍ വെടിവെച്ച് വീഴ്ത്തിയ കാട്ടുപന്നിയെ കാണാതായി. പഞ്ചായത്ത് കാട്ടുപന്നിയെ വെടിവെക്കുന്നതിന് നിയോഗിച്ച ചേരപ്പള്ളി സ്വദേശി രാജൻ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കാട്ടുപന്നിയെ വെടിവെച്ചുവീഴ്ത്തിയത്.
ഇറവൂർ സ്വദേശി മനോജിന്‍റെ പുരയിടത്തിൽ എത്തിയ പന്നിയെ പഞ്ചായത്ത് നിയമിച്ച ലൈസൻസ് ഉള്ള ഷൂട്ടര്‍ രാത്രി എട്ടോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മനോജിന്‍റെ വീടിന് പിന്നിലേക്ക് രാജനും സഹായിയും ചേർന്ന് 50 കിലോയോളം വരുന്ന പന്നിയെ വലിച്ചു കൊണ്ടിട്ടു.
ജഡത്തിൽ ഒഴിക്കുന്നതിനായി മനോജിന്‍റെ വീട്ടിൽ മണ്ണെണ്ണ ഇല്ലാത്തതിനാൽ ഇതെടുക്കുന്നതിനായി രാജനും സഹായിയും രാജന്‍റെ വീട്ടിലേക്ക് പോയി. പിന്നാലെ മനോജും ബന്ധുക്കളും വെടിയേറ്റ് ചത്ത കാട്ടുപന്നിയെ കാണാനെത്തിയപ്പോൾ അവിടെ പന്നിയുടെ ജഡം ഉണ്ടായിരുന്നില്ല.
ഇതിനിടെ വെടിയേറ്റ പന്നിയെ അജ്ഞാതര്‍ ഇറച്ചിക്കായി കൊണ്ടുപോയതായാണ് ആരോപണം. വിവരം അറിഞ്ഞ് വനംവകുപ്പും പൊലീസും പരിശോധന നടത്തി. വെടിവെച്ച് വീഴ്ത്തിയ കാട്ടുപന്നിയെ ഇറച്ചിയാക്കി കച്ചവടം നടത്തിയതായാണ് വിവരം.
എന്തായാലും കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് ഒരുകാട്ടുപന്നിയെ വെടിവെച്ച് കൊന്നതില്‍ കര്‍ഷകര്‍ സന്തോഷത്തിലാണ്. എന്നാല്‍, വെടിവെച്ച കാട്ടുപന്നിയെ കടത്തിയതില്‍ ഒരുവിഭാഗത്തിന് കടുത്ത നിരാശയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.