സർവിസ് പുനഃക്രമീകരണം; ഡ്യൂട്ടി ബഹിഷ്കരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: സർവിസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാർക്കെതിരെ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. പ്രതിഷേധത്തെ തുടർന്ന് സർവിസ് മുടക്കമുണ്ടായെന്നും ഇത് നഷ്ടത്തിനിടയാക്കിയെന്നും ചൂണ്ടിക്കാട്ടി ഉത്തരവാദികളായ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് നഷ്ടം തിരിച്ചുപിടിക്കാനാണ് മാനേജ്മെന്‍റി‍െൻറ തീരുമാനം.

പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിൽനിന്ന് ജൂൺ 26ന് പരിഷ്കരിച്ച രീതിയിൽ നിർദേശിച്ചിരുന്ന 63 ഷെഡ്യൂളുകൾ മുടങ്ങിയെന്നും ഇതുമൂലം 9.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നുമാണ് മാനേജ്മെന്‍റി‍െൻറ കണക്ക്. ഇത് ഓരോ ഡിപ്പോയിലെയും ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരിൽനിന്ന് ഈടാക്കാനാണ് നീക്കം.

പാപ്പനംകോട് ഡിപ്പോയിൽ എട്ട് സർവിസുകൾ മുടങ്ങിയതുമൂലം 1.35 ലക്ഷം രൂപയും വികാസ് ഭവൻ ഡിപ്പോയിൽ 17 ഷെഡ്യൂളുകൾ മുടങ്ങിയതിൽ 2.10 ലക്ഷം രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ 13 ഷെഡ്യൂളുകളുടെ മുടക്കത്തിൽ 2.74 ലക്ഷവും പേരൂർക്കടയിൽ 25 ഷെഡ്യൂളുകൾ മുടങ്ങിയതിൽ 33 ലക്ഷും നഷ്ടമുണ്ടായി എന്നും ഉത്തരവിൽ പറയുന്നു. ഈ നാല് ഡിപ്പോയിലെ 63 കണ്ടക്ടർമാരിൽ നിന്നും 47 ഡ്രൈവർമാരിൽ നിന്നും തിരിച്ചുപിടിക്കാനാണ് നിർദേശം. ഒരോരുത്തരുടെയും പേരും വരുത്തിയ നഷ്ടവുമടക്കം ഉൾപ്പെടുത്തിയാണ് ഉത്തരവെന്നതാണ് പ്രത്യേകത.

പാപ്പനംകോട്, വികാസ്ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിൽ നിന്നാണ് നഗരത്തിലെ ഓർഡിനറി സർവിസുകൾ പ്രധാനമായും ഓപറേറ്റ് ചെയ്യുന്നത്. ചെയിൻ സർവിസുകളുടെ സ്വഭാവത്തിലായിരുന്നു നേരത്തെയുള്ള ഷെഡ്യൂളുകൾ.

ഓരോ ചെയിനിലും അഞ്ച് ബസുകൾ വരെ അനുവദിച്ചിരുന്നു. എന്നാൽ പല ഘട്ടങ്ങളിലെ പരിഷ്കാരങ്ങൾമൂലം ബസുകളുടെ എണ്ണം കുറഞ്ഞു. എങ്കിലും താരതമ്യേന മെച്ചപ്പെട്ട കളക്ഷനാണ് ഈ സർവിസുകൾക്കുണ്ടായിരുന്നത്. എന്നാൽ ഡിപ്പോകളിൽനിന്ന് സർവിസ് ഓപറേഷൻ മാറ്റി പകരം ക്ലസ്റ്റർ സ്വഭാവത്തിൽ ബസുകൾ വിന്യസിക്കുന്ന തീരുമാനം ജൂണിൽ മാനേജ്മെന്‍റ് കൈക്കൊണ്ടിരുന്നു.

പരിഷ്കാരം പിൻവലിച്ചു; നടപടിയിൽ പിന്നോട്ടില്ല

തിരുവനന്തപുരം: നഗരത്തിലെ നാല് ഡിപ്പോകളിലെയും ഷെഡ്യൂളുകൾ ക്ലബ് ചെയ്താണ് പുതിയ പരിഷ്കാരത്തിൽ ഷെഡ്യൂളുകൾ തയാറാക്കിയത്. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കെ.എസ്.ആർ.ടി.സിയിലെ മൂന്ന് അംഗീകൃത സംഘടനകളെയും അധികൃതർ വിളിച്ചിരുന്നു.

എന്നാൽ പുതുതായി തയ്യാറാക്കിയ ഷെഡ്യൂളുകൾ കെ.എസ്.ആർ.ടി.സിയുടെ വരുമാനം നഷ്ടപ്പെടുത്തുന്നതാണെന്നും പുനഃപരിശോധന വേണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശിപാർശകൾ സമർപ്പിക്കാൻ യൂനിയനുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള സാവകാശംപോലും അനുവദിക്കാതെ ജൂൺ 26ന് ഏകപക്ഷീയമായി മാനേജ്മെന്‍റ് പുതിയ ഷെഡ്യൂൾ നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് യൂനിയനുകൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിച്ചത്.

ജീവനക്കാരുടെ നിസ്സഹകരണവും പ്രതിഷേധവും കണക്കിലെടുത്ത് പരിഷ്കാരത്തിൽനിന്ന് മാനേജ്മെന്‍റ് പിന്മാറുകയും 27 മുതൽ പഴയ രീതിയിൽ സർവിസ് തുടരുകയും ചെയ്തു. പിന്നാലെയാണ് നഷ്ടം വരുത്തിയെന്ന പേരിലെ പ്രതികാര നടപടി.

Tags:    
News Summary - Action against KSRTC employees who boycotted duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.