തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നിട്ട് ഒരുമാസം. ഫെബ്രുവരി 24ന് തുടർച്ചയായി അഞ്ചുപേരെ കൊലപ്പെടുത്തുകയും സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിച്ച് മൃതപ്രായയാക്കുകയും ചെയ്ത മകൻ അഫാൻ എന്ന 23കാരൻ ജയിലിലാണ്. സംഭവത്തെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കുറ്റപത്രം തയാറായിവരികയാണ്.
കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ ആദ്യ കേസിൽ കുറ്റപത്രം സമർപ്പിക്കും. പാങ്ങോട് 91 വയസ്സുകാരിയായ സ്വന്തം വല്ല്യുമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിലായിരിക്കും ആദ്യം കുറ്റപത്രം സമർപ്പിക്കുക.
ബാക്കി കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് വേഗത്തിൽ വിചാരണ പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. മകന്റെയും ഭാര്യയുടെയും സാമ്പത്തിക ബാധ്യതയെക്കുറിച്ച് പിതാവ് റഹീമിന് അറിയില്ലായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബാധ്യതക്ക് കാരണം അഫാന്റെയും മാതാവിൻെറയും സാമ്പത്തിക അച്ചടക്കമില്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
കോവിഡിന് ശേഷം സാമ്പത്തിക പ്രയാസത്തിലായ പിതാവ് വിദേശത്തു നിന്ന് പണം അയക്കുന്നത് കുറഞ്ഞു. പക്ഷേ അഫാനും ഉമ്മ ഷമിയും സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതം തുടർന്നു. കടം വാങ്ങിക്കൂട്ടി. കടം നികത്താൻ ബന്ധുക്കളെ ഉൾപ്പെടെ ചേർത്ത് ചിട്ടി നടത്തി.
എന്നാൽ, ചിട്ടി കിട്ടിയവർക്കും പണം കൊടുക്കാനായില്ല. നേരത്തേ കടം വാങ്ങിയ പണവും ചിട്ടിപ്പണവും കിട്ടാതെ വന്നതോടെ ബന്ധുക്കളുമായി വഴക്കിട്ടു. 35 ലക്ഷത്തിലധികം ബാധ്യത വന്നു. ഇതിനിടെയും ബാങ്ക് വായ്പ എടുത്ത് അഫാൻ രണ്ടര ലക്ഷം രൂപ വിലവരുന്ന ബൈക്കും വാങ്ങി.
കൊലപാതകദിവസം കടം വാങ്ങിയവരിൽ ചിലർ ഉച്ചക്ക് വീട്ടിൽ വരുമെന്ന് അറിയിച്ചിരുന്നു. അരലക്ഷം രൂപയോളം അന്ന് തിരിച്ച് കൊടുക്കേണ്ടിയിരുന്നു. അനിയൻ അഫ്സാനെ രാവിലെ സ്കൂളിൽ അയച്ചശേഷം അന്ന് അഫാൻ തന്റെ പെൺസുഹൃത്ത് ഫർസാനയിൽ നിന്ന് 200 രൂപ വായ്പ വാങ്ങി നൂറ് രൂപക്ക് ബൈക്കിൽ പെട്രോൾ അടിച്ച് ഉമ്മയോടൊപ്പം കിളിമാനൂർ തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയി പണം കടം ചോദിച്ചെങ്കിലും കിട്ടിയില്ല.
തിരിച്ച് വരുമ്പോൾ ബാക്കി നൂറു രൂപ ഉപയോഗിച്ച് ഉമ്മയോടൊപ്പം ആഹാരം കഴിച്ചു. കടം പെരുകി വീട്ട് ചെലവിനുപോലും വകയില്ലാതായിരുന്നു. ഈ സാഹചര്യത്തിൽ ബന്ധുക്കളും കൈവിട്ടതായി ഇരുവർക്കും തോന്നി. എല്ലാവരും ചേർന്ന് ആത്മഹത്യ ചെയ്യാമെന്ന് നേരത്തേ തീരുമാനിച്ചിരുന്നതിനാൽ കടക്കാർ പണം ചോദിച്ച് എത്തുന്നതിന് മുമ്പ് കൊലചെയ്യാൻ തീരുമാനിക്കുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.