ആറ്റിങ്ങൽ: മാതാവിനോട് സൗഹൃദം സ്ഥാപിച്ച് മകളെ പീഡിപ്പിച്ച സംഭവത്തിൽ പുനരന്വേഷണത്തിനൊടുവിൽ പ്രതിയെ ശിക്ഷിച്ചു. ചാന്നാങ്കര സ്വദേശി ബുഹാരി എന്ന അബ്ദുൽ ബാരിയെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.
മാതാവിനോട് അടുപ്പം സ്ഥാപിച്ചശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിനാണ് പ്രതിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഹൃദ്രോഗത്തിന് ചികിത്സതേടി വന്നിരുന്ന പെൺകുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നത്. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും.
കേസിൽ ബയോളജിക്കൽ സാമ്പിൾ യഥാസമയം ഏറ്റുവാങ്ങി ശാസ്ത്രീയ പരിശോധനക്ക് ഹാജരാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയിരുന്നു. വിചാരണ നടന്നുവന്ന കേസിൽ ചികിത്സാ രേഖകളുടെയും ഡോക്ടറുടെ മൊഴിയുടെയും അസാന്നിധ്യം പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നശേഷം, വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തേണ്ടിവന്നു. അന്വേഷണവേളയിൽ വരുത്തിയ ഈ വീഴ്ച ഗുരുതരമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനരന്വേഷണത്തിൽ ഹാജരാക്കപ്പെട്ട ചികിത്സാ രേഖകളുടെയും സാക്ഷിമൊഴികളുടെയും കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
2009 മുതൽ 2011 വരെയുള്ള രണ്ട് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. 2011ലാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. പ്രതിക്കെതിരെ ബലാത്സംഗകുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്. 40000 രൂപ അതിജീവിതക്ക് നഷ്ടപരിഹാരം എന്ന നിലക്ക് നൽകണമെന്നും, തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ രണ്ടുമാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
വിചാരണ തടവുകാലം ശിക്ഷ ഇളവിന് അർഹതയുണ്ട്. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ ടോംസൺ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും പതിനാല് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി. കൂടെ താമസിച്ചുവന്ന സ്ത്രീയെ ചകിരി പിരിക്കുന്ന യന്ത്രത്തിൽ തള്ളിയിട്ട് കൊന്നെന്ന കേസിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിട്ടുവരുന്നയാളാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.