ആറ്റിങ്ങൽ: ആശുപത്രി കെട്ടിടം കാടുകയറി നാശത്തിലേക്ക് നീങ്ങുന്നു; പ്രവർത്തിപ്പിക്കാൻ നടപടിയില്ല. കടയ്ക്കാവൂർ ആയുർവേദ ആശുപത്രിയിലെ രോഗികളെ കിടത്തിചികിത്സിക്കുന്നതിനായി നിർമിച്ച പുതിയ കെട്ടിടമാണ് പ്രവർത്തനം തുടങ്ങാതെ കാടുകയറി നശിക്കുന്നത്. കടയ്ക്കാവൂർ പഞ്ചായത്ത് ഓഫിസിന് എതിർവശത്ത് 500 മീറ്റർ ഉള്ളിലായി പഴയ ആശുപത്രി കെട്ടിടത്തിന് സമീപമായാണ് പുതിയ കെട്ടിടം.
റോഡിൽനിന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയില്ലാത്തതാണ് പ്രവർത്തനം തുടങ്ങാത്തതിന് കാരണമായി അധികൃതർ പറയുന്നത്. എസ്.സിഭൂരഹിതർക്ക് നൽകുന്നതിന് പഞ്ചായത്ത് വാങ്ങിയ 40 സെന്റ് ഭൂമിയിൽ 10 സെന്റിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് നാലുവർഷം പിന്നിടുന്നു.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ് രോഗികളും വാഹനങ്ങളും കെട്ടിടത്തിൽ പ്രവേശിക്കുന്നത്. കെട്ടിടത്തിന് പിറകുവശത്തുള്ള ഓടക്ക് കുറുകെ സ്ലാബ് നിരത്തി താൽക്കാലിക വഴിയൊരുക്കി ആശുപത്രിപ്രവർത്തനം തുടങ്ങാനുള്ള പഞ്ചായത്തിന്റെ ശ്രമവും ഫലം കണ്ടില്ല.പഴയ ആശുപത്രിയിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ദിവസവും നിരവധി രോഗികൾ ചികിത്സക്കെത്തുന്നുണ്ട്. രോഗികളുടെ ബാഹുല്യവും കിടത്തിചികിത്സസൗകര്യമില്ലായ്മയും ജീവനക്കാരുടെ കുറവുമൊക്കെയാണ് പുതിയ കെട്ടിടം വേണമെന്ന മുറവിളിക്ക് കാരണം. ഇതിനായി ഭൂരഹിതർക്കായുള്ള പഞ്ചായത്ത് ഭൂമിയിൽ തീരദേശ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവാക്കി 20 കിടക്കയും ഓട്ടിസം ബാധിച്ചവർക്കുള്ള പ്രത്യേക ചികിത്സ വാർഡും ലാബും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമിക്കുകയായിരുന്നു. ഉദ്ഘാടനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന് വൈദ്യുതി, വെള്ളം കണക്ഷനുകൾ ലഭിച്ചിട്ടില്ല. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. ചതുപ്പ് ഭൂമി നികത്തി നിർമിച്ച കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും ബലക്ഷയം സംഭവിച്ചു. മഴക്കാലമായാൽ ഇവിടം വെള്ളക്കെട്ടും ചളിയുമായി കാൽനട പോലും ദുസ്സഹമാണെന്ന് പ്രദേശവാസികൾ പറയുന്നു. വഴിസൗകര്യമൊരുക്കി ആശുപത്രി എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.