ആറ്റിങ്ങൽ: ചിറയിന്‍കീഴ് താലൂക്കിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയായ പഴഞ്ചിറയുടെ പ്രത്യേകത പഠിക്കുന്നതിനും ജൈവ വൈവിധ്യ പട്ടികയിൽ ഉള്‍പ്പെടുത്തുന്നതിനുള്ള പഠനത്തിനും തുടക്കമായി. ചിറയിന്‍കീഴ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് 10 ഏക്കറോളം വിസ്തൃതിയുള്ള പഴഞ്ചിറ. ഒരിക്കലും വറ്റാത്ത ചിറ നാടിന്റെ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.
കേരള ജൈവ വൈവിധ്യ ബോര്‍ഡും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായാണ് പഴഞ്ചിറ കുളത്തിലെ ജൈവ വൈവിധ്യ ഡേറ്റ സമാഹരണം നടത്തുന്നത്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ഡോ. എസ് അഖിലയാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. കുളത്തെ കുറിച്ച് സമഗ്രമായ പഠനമോ ആധികാരികമായ ഒരു രേഖപ്പെടുത്തുലോ നടത്തിയിട്ടില്ല. നിരവധി ശുദ്ധജലമത്സ്യങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ് പഴഞ്ചിറ കുളം. കൃഷിക്കാവശ്യമായ വെള്ളം ഏത് വേനലിലും ലഭ്യമാകുമെന്നതാണ് പഴഞ്ചിറ കുളത്തിന്റെ പ്രത്യേകത.
ഇവിടം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതിയും ആലോചനയിലുണ്ട്. ചിറക്ക് ചുറ്റും വിസ്തൃതമായ പാടശേഖരവും ചതുപ്പ് പ്രദേശങ്ങളുമുണ്ട്. വ്യത്യസ്ത ഇനം നീർപക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. വേനലിന്റെ ആദ്യ ഘട്ടത്തിൽ നീർപക്ഷി ഇനത്തിലെ ദേശാടനപ്പക്ഷികൾ വലിയ തോതിൽ ഇവിടെ എത്താറുണ്ട്. മുൻ കാലങ്ങളിൽ ഇവിടെ കണ്ടൽ ചെടികളുടെ സാനിധ്യമുണ്ടായിരുന്നു. ഇന്ന് അവ പേരിനു പോലുമില്ല. കായൽ പോലെ വിസ്തൃതമായ ചിറ ടൂറിസം സാധ്യതകൾ കൂടി നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.